സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിനു തീവെച്ചതിനെത്തുടര്‍ന്ന് നാല് കുരുന്നുകളും അധ്യാപികയും വെന്തു മരിച്ചു. ബ്രസീലിലെ മിനാസ് ഗെരായ്‌സില്‍ ജനാഉബ നഗരത്തിലെ ചൈല്‍ഡ് കെയര്‍ സെന്ററിലാണ് സംഭവം. നാലും അഞ്ചും വയസ്സുള്ള കുട്ടികളടക്കം 25ലധികം പേരെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നഴ്‌സറി സ്‌കൂളിനു തീവെച്ച സെക്യൂരിറ്റി ജീവനക്കാരന്‍ സ്വയം തീകൊളുത്തുകയും ചെയ്തു. ഇയാള്‍ പിന്നീട് ആസ്പത്രിയില്‍ വെച്ച് മരിച്ചു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വാര്‍ഷിക അവധി കഴിഞ്ഞു തിരിച്ചെത്തിയതിനു പിന്നാലെ കഴിഞ്ഞ മാസം ഇയാളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ജനാഉബ നഗരത്തില്‍ ഏഴു ദിവസത്തെ ദുഃഖാചരണത്തിന് മേയര്‍ ഉത്തരവിട്ടു.