തിരുവനന്തപുരം: സെന്‍കുമാറിന്റെ മുസ്‌ലിം വിരുദ്ധപരാമര്‍ശത്തിനെതിരെ എം.ഐ ഷാനവാസ് എം.പി രംഗത്ത്. സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് ഷാനവാസ് എം.പി പറഞ്ഞു. സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്.

സെന്‍കുമാര്‍ ആട്ടിന്‍തോലണിഞ്ഞ് ചെന്നായയാണെന്ന് മനസ്സിലാക്കാന്‍ കേരളം വൈകി. അന്ധമായ വര്‍ഗീയതയുടെ തടവറയിലാണ് സെന്‍കുമാര്‍. മതസ്പര്‍ധ വളര്‍ത്തുന്നതിന് അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ഷാനവാസ് ആവശ്യപ്പെട്ടു. സംഘപരിവാറിന് വേണ്ടിയാണ് സെന്‍കുമാര്‍ പ്രസ്താവനയിറക്കുന്നതെന്നും ഷാനവാസ് എം.പി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് മുന്‍ ഡി.ജി.പിയായ ടി.പി സെന്‍കുമാറിന്റെ അഭിമുഖം പുറത്തുവരുന്നത്. ആര്‍.എസ്.എസിനെ ദേശസ്‌നേഹമുള്ളവരായി കണക്കാക്കിയ സെന്‍കുമാര്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുന്നതില്‍ 42 കുട്ടികളും മുസ്‌ലിംങ്ങളുടേതാണെന്ന് സെന്‍കുമാര്‍ പറയുന്നു.

മത തീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. മുസ്ലിം സമുദായത്തിലും നല്ല ആളുകളുണ്ട്. അവരെ ഉപയോഗിച്ചു വേണം മത തീവ്രവാദം നിയന്ത്രിക്കാന്‍. മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്ലിം സമുദായം ചോദിക്കും ആര്‍.എസ്.എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐ.എസും ആര്‍.എസ്.എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് താനുദ്ദേശിക്കുന്നതെന്നും സെന്‍കുമാര്‍ പറയുന്നു. എന്നാല്‍ ആര്‍.എസ്.എസ്സും ഐ.എസ്സും തമ്മില്‍ എന്തുകൊണ്ട് താരതമ്യം ഇല്ല എന്ന കാര്യം സെന്‍കുമാര്‍ വിശദീകരിക്കുന്നില്ല.

അഭിമുഖത്തിന്റെ രണ്ടുഭാഗങ്ങളും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കി. സെന്‍കുമാറിന്റെ മുസ്‌ലിം വിരുദ്ധപരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ മേഖലയിലുള്ള പ്രമുഖരും സാമൂഹ്യമാധ്യമങ്ങളും വിമര്‍ശനവുമായെത്തിയിട്ടുണ്ട്.