ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌

ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്നപ്പോഴാണ് ഒരാഴ്ചയില്‍ മലയാളത്തിലിറങ്ങുന്ന പുസ്തകങ്ങളുടെ എണ്ണം കണ്ട് അമ്പരന്നു പോയത്.. (ബുക് റിവ്യുവിനയക്കുന്നതാണ്.)
ശരാശരി 80 ശതമാനം പുസ്തകങ്ങളും പരമ ബോറാണ്. ബാക്കി പതിനഞ്ച് ശതമാനവും കഷ്ടിച്ച് ശരാശരി.
കഴിഞ്ഞ 10 വര്‍ഷമായി മലയാള ഭാഷയില്‍ ചവറ് പുസ്തകങ്ങളുടെ സാംസ്‌കാരിക വയറിളക്കമാണ്.
പല കാരണങ്ങളില്‍ ചിലത് ഇവിടെ കുറിക്കട്ടെ.

1. മനുഷ്യന് സെല്‍ഫി ഒഴിച്ച് മറ്റ് ആത്മാവിഷ്‌ക്കാരങ്ങള്‍ക്ക് യാതൊരു വഴിയും നമ്മുടെ നാട്ടിലില്ല. സ്വന്തം ഗൃഹാന്തരീക്ഷത്തില്‍പ്പോലും.

2. ഏത് കലാപ്രവര്‍ത്തനത്തിനും വലിയ മുടക്കുമുതല്‍ ആവശ്യമായി വരുന്നുണ്ട്. ഏറ്റവും കുറഞ്ഞ കലാ വിഷ്‌കാരം സാധ്യമാവുന്നത് സാഹിത്യത്തിലാണ്.
കേവലം10 രൂപ മാത്രം മതി. ഒരാള്‍ക്ക് കവിയാവാം. 3 രൂപയ്ക്ക് പേന കിട്ടും 2 രൂപയ്ക്ക് പേപ്പര്‍. അയക്കാന്‍ 5 രൂപ സ്റ്റാമ്പ്.പത്രാധിപന്‍ ചങ്ങാതിയാണെങ്കില്‍ പിന്നെ വളരെ വേഗത്തില്‍ കവിയായിക്കൂടെന്നുമില്ല.
ഇരുപതിനായിരം രൂപയ്ക്കടുത്തുള്ള പണമുണ്ടെങ്ല്‍ ഗ്രന്ഥകര്‍ത്താവാം. (ഗള്‍ഫില്‍ 40,000 ‘അമേരിക്കയില്‍ 75,000 )
അതെ, മറ്റൊരു കലാമേഖലയ്ക്കും ഇത്ര പെട്ടെന്ന് ഇത്രയും ചുരുങ്ങിയ ചിലവില്‍ പ്രവര്‍ത്തിക്കുക അസാധ്യം.

ആയ്‌ക്കോട്ടെ, ഒരാവിഷ്‌ക്കാരമല്ലേ തടയേണ്ടതില്ല. പക്ഷേ, അനര്‍ഹമായിപുസ്തകങ്ങള്‍ പെരുകുന്നതില്‍ ഭാഷാ ദ്രോഹത്തിനു പുറമെ രണ്ട് മഹാദ്രോഹങ്ങളുമുണ്ട്.
1. ശുദ്ധ വനനശീകരണമാണിത്. ആയതിനാല്‍ പരിസ്ഥിതിവാദികളെങ്കിലും ഇതിലിടപെടണം.
2. നല്ല പുസ്തകങ്ങളെ ഈ മലവെള്ളപ്പാച്ചിലില്‍ വായനക്കാരന് കിട്ടാതെ പോകുന്നു. ഭാഷയ്ക്കും സംസ്‌കാരത്തിനും വളരെ അത്യാവശ്യമായ പുസ്തകങ്ങള്‍ വായനക്കാരുടെ കണ്ണില്‍ പെടാതെ പോകുന്നു.
ഇനി ഈ വനനശീകരണ മലിനീകരണത്തില്‍ പ്രധാന കുറ്റവാളികളാരാണെന്നു നോക്കാം.

1. രണ്ടോ മൂന്നോകഥയോ കവിതയോ വരുമ്പോഴേക്കും പുസ്തകമാക്കണം പുസ്തകമാക്കണം എന്നു നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്ന അഭുദയകാംക്ഷികള്‍ അഥവാ സുഹൃത്തുക്കള്‍. സത്യത്തില്‍ ഇവര്‍ സുഹൃത്തുക്കളല്ല. അഭ്യുദയകാംക്ഷികളുമല്ല. സാമ ദ്രോഹികളാണ്. പ്രേരണാകുറ്റത്തിന് ഇവരുടെ പേരില്‍ കേസെടുക്കേണ്ടതാണ്.
2. ഗുണനിലവാരം ഒട്ടും പരിഗണിക്കാതെ കാശ് വാങ്ങി പുസ്തകമിറക്കിക്കൊടുക്കുന്ന പ്രസാധകര്‍.

ഇവരില്‍ പലരും കറ കളഞ്ഞ ഫ്രോഡുകളാണ്. ഇവരുടെ പേരില്‍ സ്വമേധയാ കോടതി കേസന്വേഷണത്തിന് ഉത്തരവിടണം. പ്രസാധന വ്യവസായം വലിയ ലാഭ മേഖലയല്ല എന്ന വസ്തുതയും നാം കാണാതിരുന്നു കൂടാ…. ഗതികേട് കൊണ്ട് പാലില്‍ അല്പം വെള്ളം ചേര്‍ക്കുന്നത് പോട്ടേന്ന് വെക്കാം. പക്ഷേ, വെള്ളത്തില്‍ പാല് ചേര്‍ക്കാമോ? സഹോദരരേ, മലയാള ഭാഷയുടെ ശവക്കുഴി നിര്‍മ്മാണം പലയിടങ്ങളിലും നടക്കുന്ന കാലമാണിത്. പൈങ്കിളി ശൈലിയില്‍ ഭാഷ എന്റെ അമ്മയാണ് എന്നൊക്കെ നിലവിളിക്കുന്ന വ്യാജ വേഷങ്ങളെയല്ല ഇന്ന് നമ്മുടെ മുങ്ങി മരിക്കാറായ ഭാഷയ്ക്ക് വേണ്ടത്.
പുസ്തകങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ടെങ്കിലും വായിക്കപ്പെടുന്നുണ്ടോ എന്നെങ്കിലും പരിശോധിക്കപ്പെടേണ്ടതുണ്ട്.

കുറേ പേര്‍ക്കെങ്കിലും ഇതൊക്കെ അറിയാം. പക്ഷേ, വാ തുറക്കില്ല.
വെറുതെയെന്തിനു് നമ്മള് ആളുകളെ ശത്രുവാക്കുന്നു?- ഇങ്ങനെ ചിന്തിച്ച് ശീലിച്ച് സ്വന്തം ഭാര്യയെ തട്ടിക്കൊണ്ടു പോകുമ്പോഴും അവരീ നിഷ്‌ക്രിയത്വം തുടരുക തന്നെ ചെയ്യും.