Connect with us

Video Stories

സാമൂഹ്യമാധ്യമങ്ങളും അനിവാര്യ നിയന്ത്രണങ്ങളും

Published

on

റഹ്്മാന്‍ മധുരക്കുഴി

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്ക് ജനുവരി 15നകം അന്തിമരൂപം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അപകീര്‍ത്തിപരമായ പോസ്റ്റുകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവ തടയാനാണ് ചട്ടങ്ങളുണ്ടാക്കുന്നതെന്നാണ് ജസ്റ്റിസുമാരുടെ ബെഞ്ച് മുമ്പാകെ സര്‍ക്കാര്‍ ബോധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹിതകരമല്ലാത്ത സന്ദേശങ്ങളിറക്കുന്ന വ്യക്തികളെ പിന്തുടരാന്‍ കമ്പനികള്‍ക്കുമേല്‍ ഉത്തരവാദിത്തം കെട്ടിവെക്കുകയാണെന്ന വിമര്‍ശനം ചെവിക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല. ഉള്ളടക്കങ്ങളുടെ ഉറവിടം സര്‍ക്കാറിനോട് വെളിപ്പെടുത്തുന്നതിന് ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും അടക്കം സമൂഹമാധ്യമങ്ങളും ബാധ്യസ്ഥമാണെന്ന് തമിഴ്‌നാടിന്‌വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ. വേണുഗോപാല്‍ വാദിക്കുന്നു. എന്നാല്‍, ഉള്ളടക്കങ്ങളുടെ ഉറവിടങ്ങള്‍ സര്‍ക്കാറിനെ അറിയിക്കേണ്ട ബാധ്യത സമൂഹമാധ്യമങ്ങള്‍ക്കുണ്ടോ എന്നതില്‍ തീര്‍പ്പ്കല്‍പിക്കേണ്ടത് സുപ്രീംകോടതിയാണ്.
തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം കര്‍ശനമായി നിയന്ത്രിക്കാനൊരുങ്ങി ആസ്‌ത്രേലിയന്‍ സര്‍ക്കാരും രംഗത്ത് വന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയായിരിക്കും പുതുതായി നിലവില്‍വരുന്ന നിയമം. പാര്‍ലമെന്റില്‍ പുതിയ നിയമത്തിന്റെ കരട് രൂപം ചര്‍ച്ചക്ക് വെക്കുമെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രസ്താവിക്കുകയുണ്ടായി. ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്്‌ലിം പള്ളികളില്‍ വെടിവെപ്പ് നടത്തിയ ആസ്‌ത്രേലിയന്‍ പൗരന്‍ ആക്രമണത്തിന്റെ ലൈവ് വീഡിയോ, സമൂഹമാധ്യമങ്ങളിലൂടെ പുറത്ത്‌വിട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനാണ് പുതിയ നിയമനിര്‍മാണത്തിന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സമൂഹമാധ്യമങ്ങള്‍ക്ക് ഒട്ടേറെ ഗുണപരമായ വശങ്ങള്‍ ഉള്ളപ്പോഴും അവയുടെ ദുരുപയോഗം ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയാണ്. ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന അഭിപ്രായം കേരള സര്‍ക്കാറും പരിശോധിച്ചുവരികയാണത്രെ. എതിര്‍ ശബ്ദങ്ങളെ സംസ്‌കാര ശൂന്യമായി കടന്നാക്രമിക്കുകയും വ്യാജ ഐഡികള്‍ വഴി അപകീര്‍ത്തികരമായ പ്രചാരണം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീകളെയും കുട്ടികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സിനിമാരംഗത്തുള്ള പ്രവര്‍ത്തകരെയും രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രവണത ശക്തിപ്പെട്ടുവരികയാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സൈബര്‍ കേസുകള്‍ എടുക്കുന്നതിനും തെളിയിക്കുന്നതിനും സേവനദാതാക്കളുടെ സഹകരണം കൂടിയേ തീരൂ.
സാമൂഹ്യമാധ്യമങ്ങളെ ഉത്തരവാദിത്തബോധത്തോടെ ഉപയോഗിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള ഹൈക്കോടതി ഈയിടെ നിരീക്ഷിക്കുകയുണ്ടായി. ആശയവിനിമയത്തില്‍ വിപ്ലവം കൊണ്ടുവന്ന സാമൂഹിക മാധ്യമങ്ങള്‍, സമൂഹത്തിന് വലിയ പ്രയോജനമുണ്ടാക്കിയെങ്കിലും വലിയ തോതില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റര്‍നെറ്റില്‍ മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ കമന്റിട്ട മലപ്പുറം സ്വദേശി ബിജുമോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി വ്യക്തമാക്കുകയുണ്ടായി. സമൂഹം നേരിടുന്ന പ്രധാന ഭീഷണിയായി സൈബര്‍ കുറ്റകൃത്യങ്ങള്‍ മാറിയിരിക്കുന്നു.
സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന വിചാരണകളും പരാമര്‍ശങ്ങളുംമൂലം എത്രയോ ആത്മഹത്യകളും നാട്ടില്‍ നില്‍ക്കാനാവാതെ ഒളിച്ചോടേണ്ട സ്ഥിതിവിശേഷവും ഉണ്ടായിട്ടുണ്ട്. ‘ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ; എനിക്കാരുടെയും സഹായം വേണ്ട. പാത്രം കഴുകിയോ, മീന്‍ വിറ്റോ ഞാന്‍ ജീവിച്ചോളാ… ആരുടെ മുന്നിലും കൈനീട്ടി വന്നിട്ടില്ല’ നിറകണ്ണുകളോടെയും കണ്ഠമിടറിയും പ്രബുദ്ധ കേരളത്തിന് മുന്നില്‍ പാവം പെണ്‍കുട്ടിക്ക് വിളിച്ചുപറയേണ്ടിവന്നത് സോഷ്യല്‍ മീഡിയയുടെ ‘മഹത്തായ സേവനം’ മൂലമായിരുന്നില്ലേ?
ഇരുതല മൂര്‍ച്ഛയുള്ള വാളാണ് സാമൂഹ്യമാധ്യങ്ങള്‍, വാട്‌സ്ആപ്പില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന് ജനജീവിതം സ്തംഭിപ്പിക്കാന്‍ കഴിഞ്ഞു. സമൂഹമാധ്യമങ്ങള്‍, ജനാധിപത്യ ശാക്തീകരണത്തിന്റെ ഉപകരണം എന്ന മഹിതലക്ഷ്യത്തില്‍നിന്ന് സാമൂഹിക ഭൂഷണത്തിനുള്ള ആയുധമായി മാറിയിരിക്കയാണ്. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജവും, വിദ്വേഷവും പ്രകീര്‍ത്തനങ്ങളുമടക്കം പ്രചരിപ്പിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ സമൂഹ മാധ്യമങ്ങളില്‍ ചെലവഴിക്കുന്നുണ്ടത്രെ.
നിരാലംബരും നിസ്സഹായരുമായ ഒട്ടുവളരെ പേര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കുന്ന സമൂഹമാധ്യമങ്ങളുടെ കൂട്ടായ്മ അഭിനന്ദനമര്‍ഹിക്കുന്നു. ഏറെ സാധ്യതകള്‍ തുറന്നിടുന്ന സമൂഹമാധ്യമങ്ങളെ മനുഷ്യനന്മക്കും പുരോഗതിക്കും ഉയര്‍ച്ചക്കും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള സന്മനസ്സാണ് ഈ രംഗം കൈകാര്യം ചെയ്യുന്നവര്‍ക്കുണ്ടാവേണ്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയകളുടെ അപഥസഞ്ചാരവും ദുരുപയോഗവും ഇന്നൊരു സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. തൊടുപുഴ അല്‍അസ്്ഹര്‍ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ സാമൂഹ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി, സംസ്‌കൃത ചിത്തരായ ആരെയും രോഷാകുലരാക്കാന്‍ പോന്നതായിരുന്നില്ലേ? പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ അധ്യാപകരും കൂട്ടുകാരികളും അവളുടെ ദയനീയാവസ്ഥ ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞുവെങ്കിലും ദുഷ്പ്രചാരണ വാഹകര്‍ ഹനാനെതിരെ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ കള്ളപ്രചാരണം അഴിച്ചുവിടുക തന്നെ ചെയ്തു.
ഗ്രൂപ്പ് വിവരങ്ങള്‍ ചോര്‍ത്തുകയെന്ന ഉദ്ദേശത്തോടെ വ്യാജ മേല്‍വിലാസങ്ങളില്‍ നുഴഞ്ഞുകയറിയവരെ തിരിച്ചറിയാതെ, സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നതിലും വര്‍ഗീയതയെയും സാമുദായിക വിദ്വേഷവും പടര്‍ത്തുന്നതിലും സമൂഹമാധ്യമങ്ങളുടെ പങ്ക് വളരെ വലുതായി മാറിയിരിക്കുന്നു. ഗുണവശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്പകരം, അതിനെ ഞെരിച്ചുകൊല്ലാനാണ് പുതിയ മാധ്യമ സംസ്‌കാരം ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍, നടക്കുന്ന വ്യക്തഹത്യകളും പരസ്യ വിചാണകളും ആള്‍കൂട്ട കൊലപാതകങ്ങളേക്കാള്‍ ഭയാനകമാണെന്ന് പറയേണ്ടിയിരിക്കുന്നു. വ്യക്തി വൈരാഗ്യം തീര്‍ക്കാനും ജാതിരാഷ്ട്രീയം തുടങ്ങിയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും എതിരാളികളെ സമൂഹത്തില്‍ കൊള്ളരുതാത്തവരാക്കാനും ഒളിഞ്ഞിരുന്ന് ആക്രമിക്കാന്‍ പറ്റിയ ഇടമായി സാമൂഹ്യമാധ്യമങ്ങളെ ആസൂത്രിതമായി ഉപയോഗിക്കുന്നതും വര്‍ധിച്ചുവരികയാണെന്നതാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളി.
സാമൂഹിക മാധ്യമങ്ങള്‍ വ്യാജ-വിദ്വേഷ പ്രചാരണങ്ങളിലൂടെ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്നതാണ് ഏറെ അപകടകരം. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ മാസങ്ങള്‍ക്ക് മുമ്പ് രണ്ട് പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുന്നതില്‍, സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരുപറ്റം ആളുകള്‍ വിഷയം ഏറ്റെടുത്തത് പ്രകോപനത്തിന് ചൂട് പകര്‍ന്നപ്പോള്‍, പ്രതിഷേധ പ്രകടനത്തിലും കല്ലേറിലും തുടങ്ങിയ അസ്വസ്ഥകള്‍ കലാപമായി വളരുകയുണ്ടായി. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വര്‍ഗീയ വിദ്വേഷവും മുന്‍വിധികളും വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നു. ഈ വാട്‌സ്ആപ്പ് പ്രചാരണങ്ങള്‍ രാഷ്ട്രീയത്തെയും ഭരണത്തെയും പൊലീസിനെയും ജുഡീഷ്യറിയെയുംവരെ പല നിലയില്‍ സ്വാധീനിക്കുന്നു.
മറുനാടന്‍ മലയാളി എന്ന വാര്‍ത്താ വെബ് സൈറ്റിലെ ഒരു വാര്‍ത്തയില്‍ മുസ്‌ലിംകളെ ആക്ഷേപിക്കുന്ന കമന്റിട്ട മലപ്പുറം-മേലാറ്റൂരിലെ ബിജു മേനേനെതിരെ മേലാറ്റൂര്‍ പൊലീസ് കേസെടുക്കുകയുണ്ടായി. ആശയവിനിമയത്തില്‍ വിപ്ലവം കൊണ്ടുവന്ന സാമൂഹിക മാധ്യമങ്ങള്‍ സമൂഹത്തിന് വലിയ പ്രയോജനമുണ്ടാക്കിയെങ്കിലും വലിയ തോതില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റര്‍നെറ്റില്‍ മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ കമന്റിട്ട ബിജുമോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വ്യക്തമാക്കുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങളെ ഉത്തരവാദിത്ത ബോധത്തോടെ ഉപയോഗിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
അടുത്ത കാലത്തായി വ്യാജ വാര്‍ത്തകളുടെ കൊടുങ്കാറ്റാണത്രെ സാമൂഹ്യമാധ്യമങ്ങളിലൂടെ കര്‍ണാടകയില്‍ വീശിയടിക്കുന്നത്. മിക്കവാറുമെല്ലാം സാമുദായിക സ്പര്‍ധ ലക്ഷ്യമിട്ടുള്ളതാണ്. ഉന്നത നേതാക്കളും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും വരെ വ്യാജ വാര്‍ത്തകളെയും വിദ്വേഷ പ്രചാരണങ്ങളെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ സാമൂഹമാധ്യമങ്ങളില്‍ അരങ്ങേറുന്ന വിമര്‍ശനങ്ങള്‍ നിയമം മൂലം നിയന്ത്രിക്കുകയെന്നത് അനിവാര്യമായി മാറിയിരിക്കുന്നു. സഊദി അറേബ്യയില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ (ഏതാണ്ട് അഞ്ചര കോടി രൂപ) പിഴയും ലഭിക്കും. പുതിയ സാങ്കേതിക വിദ്യ മനുഷ്യമനസ്സുകളെ സങ്കുചിതമായ തുരുത്തുകളാക്കി മാറ്റിയിരിക്കുന്നുവെന്നതാണ് ഇന്നത്തെ ഗുരുതരമായ സാമൂഹിക പ്രതിസന്ധി.
മാധ്യമങ്ങള്‍ തമസ്‌കരിച്ച എത്രയോ വാര്‍ത്തകള്‍, സാമൂഹ്യമാധ്യമങ്ങളിലൂടെ ലക്ഷ്യം സ്വാധിച്ചിട്ടുണ്ട്. ഈജിപ്തിനെ പിടിച്ചുലച്ച മുല്ലപ്പൂ വിപ്ലവം, സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പിറവിടെയെടുത്തതും ശക്തിപ്രാപിച്ചതും. അറബ് ലോകത്താകെ ഇതിന്റെ അലയൊലികള്‍ വ്യാപിച്ചതും സാമൂഹ്യമാധ്യമങ്ങളുടെ കരുത്ത് വിളിച്ചോതുന്നു. കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍വരെ ചലനങ്ങളുണ്ടാക്കുകയുണ്ടായി.
എന്നാല്‍, ദുരുപയോഗം തടയുന്നതിന് സമൂഹ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ഓണ്‍ലൈനിലെ സ്വകാര്യതയുടെയും വിഷയത്തില്‍ സന്തുലനം പാലിച്ചുകൊണ്ടുവേണം മാര്‍ഗനിര്‍ദ്ദേശങ്ങളെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെയും വ്യാജ വാര്‍ത്തകളുടെയും ഉറവിടങ്ങളെ പിടികൂടാന്‍ അടിയന്തിര നടപടി ആവശ്യമാണെന്നാണ് കോടതിയുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം അപകടാവസ്ഥയിലാണെന്നും എത്രയും നേരത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്ക്‌വെക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സര്‍ക്കാറിനെ അനുവദിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മുമ്പ് കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ അത് ജനാധിപത്യത്തിന്റെ ആണിക്കല്ല് ഇളക്കിമാറ്റുന്ന നടപടിയായി മാറുക തെന്ന ചെയ്യും. സ്വന്തം അഭിപ്രായം തുറന്നുപറയാനും സര്‍ക്കാറിനെ വിമര്‍ശിക്കാനും ജനം ഭയപ്പെടുന്ന സാഹചര്യം സംജാതമാവും. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറരുതെന്ന് സുപ്രീംകോടതി ശക്തമായി വ്യക്തമാക്കിയതിനെ വിലവെക്കാത്ത നടപടിയാവും സര്‍ക്കാറിന്റേത്. സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളും അപകീര്‍ത്തി പ്രചാരണങ്ങളും തടയാന്‍ മറ്റു വഴികള്‍ ആരായുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending