തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ആശുപത്രിയില്‍ കിടത്തി അടിയന്തര ചികിത്സ നല്‍കേണ്ട ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. കിടത്തിചികിത്സ വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് നിലപാടെടുത്ത സാഹചര്യത്തില്‍ ശിവശങ്കറിനെ ഇന്ന് തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്‌തേക്കും.

ശക്തമായ നടുവേദനയുണ്ടെന്നാണ് ശിവശങ്കര്‍ പറയുന്നത്. എന്നാല്‍ ഇത് കിടത്തി ചികിത്സിക്കേണ്ട ഗുരുതര ആരോഗ്യപ്രശ്‌നമല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിലപാട്. ഇതിന് വേദനസംഹാരികള്‍ കഴിച്ചാല്‍ മതിയെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

രണ്ട് ദിവസം മുമ്പ് കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തപ്പോഴാണ് ശിവശങ്കറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണെന്ന സംശയത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാണ് ഹൃദയസംബന്ധമായ കുഴപ്പങ്ങളില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പിന്നീടാണ് നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞത്.