സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലില്‍ കടന്നു. ചൈനീസ് സൂപ്പര്‍ താരം ഷീ യൂക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലിലെത്തിയത്. സ്‌കോര്‍: 21-10, 21-14. ശ്രീകാന്തിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണിത്. ഇന്തോനേഷ്യ ഓപ്പണില്‍ കിരീടം ചൂടിയ ശ്രീകാന്ത്, സിംഗപ്പൂര്‍ ഓപ്പണില്‍ റണ്ണറപ്പാവുകയും ചെയ്തിരുന്നു. ലോക 11-ാം നമ്പര്‍ താരമായ ശ്രീകാന്ത് കേവലം 37 മിനിറ്റുകൊണ്ടാണ് ചൈനീസ് താരത്തെ കീഴടക്കിയത്. ലോക നാലാം നമ്പര്‍ താരമായ ഷീ യൂക്കിനെതിരെ ശ്രീകാന്ത് നേടുന്ന നാലാമത്തെ വിജയമാണിത്. സൈന നെഹ്് വാളിന് ശേഷം ഓസ്‌ട്രേലിയന്‍ ഓപണ്‍ വിജയം സ്വന്തമാക്കാനുള്ള അവസരമാണ് ശ്രീകാന്തിന് കൈവന്നിരിക്കുന്നത്. 2014, 2016 വര്‍ഷങ്ങളില്‍ സൈന ഓസ്‌ട്രേലിയന്‍ ഓപണില്‍ ജേതാവായിരുന്നു. ഫൈനലില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനായ ചൈനയുടെ ചെന്‍ ലോങിനെയാണ് ശ്രീകാന്ത് നേരിടുക. സെമിയില്‍ ദക്ഷിണ കൊറിയയുടെ ലീ ഹ്യൂന്‍ ഇല്ലിനെ 26-24, 15-21, 2-17 എന്ന സ്‌കോറിനാണ് ചെന്‍ തോല്‍പിച്ചത്.