തിരുവനന്തപുരം: ഹാദിയയുടെ പിതാവ് അശോകനെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഹാദിയെ സന്ദര്‍ശിക്കാന്‍ സംസ്ഥാന വനിതാകമ്മീഷനെ ഹാദിയയുടെ അശോകന്‍ അനുവദിക്കുന്നില്ലെന്ന് ജോസഫൈന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ദേശീയ വനിതാകമ്മീഷന്റെ കണ്ടെത്തല്‍ പോലെ ഹാദിയ സുരക്ഷിതയാണെങ്കിലും സന്തോഷവതിയല്ല. ഹാദിയക്ക് സന്തോഷം നല്‍കേണ്ടത് കുടുംബമാണ്. എന്നാല്‍ സംസ്ഥാന വനിതാ കമ്മീഷനെ സന്ദര്‍ശിക്കാന്‍ അശോകന്‍ സമ്മതിക്കുന്നില്ല. അതേസമയം ഹാദിയയെ സന്ദര്‍ശിക്കാന്‍ ദേശീയ വനിത കമ്മിഷനെ അനുവദിക്കുകയും ചെയ്തിരിക്കുകയാണെന്ന് ജോസഫൈന്‍ പറഞ്ഞു. എന്നാല്‍ സുരക്ഷാ പ്രശ്‌നത്തിന്റെ പേര് പറഞ്ഞാണ് കമ്മീഷന് അശോകന്‍ അനുമതി നിഷേധിക്കുന്നതെന്നും രേഖാ ശര്‍മ സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത എന്ത് സുരക്ഷാപ്രശ്‌നമാണ് സംസ്ഥാന കമ്മിഷന്‍ സന്ദര്‍ശിച്ചാല്‍ ഉണ്ടാവുകയെന്നും ജോസഫൈന്‍ ചോദിച്ചു. ഹാദിയയുടെ പിതാവിന് ഇഷ്ടമുള്ളവരെ മാത്രമാണോ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതെന്നും ഇത് സംശയമുണ്ടാക്കുന്ന നിലപാടാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഹാദിയയുടെ കാര്യത്തില്‍ 27ന് ശേഷം ഈ നില തുടരാനാവില്ലന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ രേഖാശര്‍മ്മയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ജോസഫൈന്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്നായിരുന്നു രേഖാശര്‍മ്മയുടെ പരാമര്‍ശം. എന്നാല്‍ ഇത് തള്ളിക്കൊണ്ടായിരുന്നു ജോസഫൈന്‍ പ്രതികരിച്ചത്. ഹാദിയയെ സന്ദര്‍ശിക്കുകയും ഹാദിയയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് പങ്കുവെക്കുകയും ചെയ്തിരുന്നു രേഖാശര്‍മ്മ.