മക്ക: മക്കയിലെ ഹറം പള്ളിയെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണ ശ്രമം സുരക്ഷാ സേന തകര്‍ത്തു. മക്കയിലും ജിദ്ദയിലുമായി ഭീകരാക്രമണം നടത്താനുള്ള ശ്രമമാണ് സുരക്ഷാസേന തകര്‍ത്തതെന്ന് സഊദി അഭ്യന്തരവകുപ്പ് വക്താവ് മന്‍സൂര്‍ അല്‍തുര്‍ക്കിയെ ഉദ്ധരിച്ച് അല്‍ അറേബ്യ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് ശ്രമിച്ച ഭീകരരിലൊരാള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ സ്വയം പൊട്ടിത്തെറിച്ചു. രാത്രി വൈകിയായിരുന്നു സംഭവം. മക്കയിലും ജിദ്ദയിലും ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ സുരക്ഷാസേന പിടികൂടി. ഒരാളെ മക്കയിലെ അല്‍ അലീസയിലും മറ്റൊരാളെ ജിദ്ദയുടെ തെക്ക് കിഴക്ക് ഹയ്യ് ഉലയായിലുമാണ് പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസൈന്യത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.