റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ യുവാവിനെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഹറം പള്ളിയുടെ വാതിലിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സഊദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. കാറോടിച്ചിരുന്നയാളിന് മാനസിക വിഭ്രാന്തിയുള്ളതായി അധികൃതര്‍ പറഞ്ഞു.

ഹറം പള്ളിയുടെ തെക്കു ഭാഗത്തുള്ള റോഡുകളില്‍ ഒന്നിലൂടെ കുതിച്ചു പാഞ്ഞെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഹറമിന്റെ വാതിലിലൂടെ ചെന്ന് കയറുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സി പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. വാതിലില്‍ ഇടിക്കുന്നതിന് മുമ്പ് ഒരു ബാരിക്കേഡ് തകര്‍ത്താണ് കാര്‍ മുന്നോട്ട് കുതിച്ചത്. സഊദി സമയം രാത്രി 10.30ഓടെയായിരുന്നു സംഭവം.

ജനത്തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാറോടിച്ചിരുന്നത് സഊദി പൗരനാണെന്നും ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇയാളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.