തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ചതില്‍ വിജയ് പി. നായര്‍ക്കെതിരെ കേസെടുത്തിട്ടും അശ്ലീല വിഡിയോ ഡിലീറ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാതെ പൊലീസ്. സൈബര്‍ പരിശോധനകള്‍ തുടരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.
വിജയ് പി.നായരുടെ വിഡിയോ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്. ജാമ്യം കിട്ടുന്ന നിസാരവകുപ്പുകള്‍ പ്രകാരമാണ് കേസെന്ന് മാത്രമല്ല, ആ വീഡിയോക്കെതിരെയും കാര്യമായ നടപടി പൊലീസ് സ്വീകരിക്കുന്നില്ല.

വിഡിയോ ഡിലീറ്റാക്കിയെന്ന് വിജയ് പറഞ്ഞെങ്കിലും ഇപ്പോഴും ആ വിഡിയോയും അശ്ലീലം നിറഞ്ഞ ഒട്ടേറെ വിഡിയോകളുള്ള അദേഹത്തിന്റെ യൂട്യൂബ് ചാനലും സജീവമായി തുടരുകയാണ്. ഇന്ന് സൈബര്‍ സെല്‍ വിഡിയോ പരിശോധിക്കുമെന്നും അതിന് ശേഷം യൂട്യൂബിന് അപേക്ഷ നല്‍കുമെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഇതോടെ അശ്ലീല വിഡിയോ കേസിലെ നടപടി വൈകിയേക്കും.

അതോടൊപ്പം, വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെയും അപമാനിച്ചെന്ന പരാതിയില്‍ വിജയ്‌ക്കെതിരെയും ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റിലേക്ക് പോകേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.