ലക്‌നോ: 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങേണ്ടി വന്നതോടെ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രസക്തി ദേശീയ തലത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. 2012ല്‍ സംസ്ഥാന ഭരണത്തില്‍ നിന്നും കുടിയൊഴിക്കപ്പെട്ടതിനു ശേഷം തുടര്‍ച്ചയായി മൂന്നാമത്തെ തോല്‍വിയാണ് മായാവതി നേരിടുന്നത്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ട പാര്‍ട്ടി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാനാവാതെ സംപൂജ്യരായി മാറിയിരുന്നു.
2007ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുകയും 2009ല്‍ 20 ലോക്‌സഭാ സീറ്റുകള്‍ നേടുകയും ചെയ്തതോടെ ദേശീയ രാഷ്ട്രീയത്തില്‍ വലിയ സ്വാധീന വലയമായി മാറുമെന്ന് കരുതിയ മായാവതിയും ബി.എസ്.പിയും തുടര്‍ച്ചയായി പരാജയമേറ്റുവാങ്ങേണ്ടി വന്നതോടെ പാര്‍ട്ടിയുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. 1984ല്‍ പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ സവര്‍ണ-പിന്നാക്ക-മുസ്്‌ലിം സഖ്യമെന്നതാണ് പാര്‍ട്ടി പിന്തുടര്‍ന്നു പോരുന്ന ജാതി സമവാക്യം. എന്നാല്‍ മോദിയും അമിത് ഷായും ഒരുക്കിയ കെണിയില്‍ പാര്‍ട്ടികള്‍ വീണു തകര്‍ന്നതോടെ ഈ സമവാക്യത്തിന് യു.പിയില്‍ പരിസമാപ്തിയാവുകയാണ്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും 20 ശതമാനം വോട്ട് നേടാനായതോടെ ബി.എസ്.പിയുടെ അടിസ്ഥാന വോട്ട് ബാങ്കിന് (ദലിത്) ഇളക്കം വന്നില്ലെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ ദലിത് വോട്ടുകളില്‍ ബി.ജെ.പി കണ്ണു വെച്ചതോടെ മുസ്്‌ലിം വോട്ടുകള്‍ കൂടി ആകര്‍ഷിക്കാനാണ് ഇത്തവണ മായാവതി ശ്രമിച്ചത്. എന്നാല്‍ ഇത് ഫലത്തില്‍ എസ്.പി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ മാത്രമാണ് സഹായിച്ചത്. 61 കാരിയായ മായാവതിക്ക് ഇനി അഞ്ചു വര്‍ഷം കൂടി അധികാരത്തിന് പുറത്തു നില്‍ക്കുന്നതിലൂടെ തിരിച്ചു വരവ് ഏറെക്കുറെ അസാധ്യമായി മാറും.
കാന്‍ഷി റാം മായാവതിയെ വളര്‍ത്തിയതു പോലെ മായാവതി ആരെയും വളര്‍ത്താത്തതിനാല്‍ മായാവതിക്കു ശേഷം ആര് എന്നതും ചോദ്യചിഹ്നമാണ്. എതിരാളികളായ എസ്.പി-കോണ്‍ഗ്രസ് സഖ്യം അഖിലേഷ്-രാഹുല്‍ എന്നിവരെ യുവ നേതാക്കളായാണ് അവതരിപ്പിച്ചത്. ഇത് വിജയം കണ്ടില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പിലും പാര്‍ട്ടികള്‍ക്കു ചൂണ്ടിക്കാണിക്കാന്‍ നേതാക്കളുണ്ട്. അധികാരത്തിലെത്തിയാല്‍ യുവ മുഖ്യമന്ത്രിയെന്നതായിരുന്നു ബി.ജെ.പിയുടേയും വാഗ്ദാനം. ഇതിനെല്ലാം പുറമെ ബി.എസ്.പി എം.എല്‍.എമാരെ വിവിധ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് സമയത്ത് ചാക്കിട്ടു പിടിക്കുന്നത് പാര്‍ട്ടിയെ ദുര്‍ബലമാക്കുകയും ചെയ്തു. 1997ല്‍ ബി.ജെ.പിയും 2003ല്‍ എസ്.പിയും ഇത് ഭംഗിയായി കൈകാര്യം ചെയ്തു. ഇത്തവണയും ബി.ജെ.പിയിലേക്ക് എം.എല്‍.എമാര്‍ ചേക്കേറിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളായിരുന്ന സ്വാമി പ്രസാദ് മൗര്യ, ജുഗല്‍ കിശോര്‍, ബ്രിജേഷ് പഥക്, ധാരാ സിങ് ചൗഹാന്‍, ആര്‍.കെ ചൗധരി എന്നിവരാണ് ബി.ജെ.പിക്കൊപ്പം പോയത്‌