ജനീവ: വംശ വെറിയെ തുടര്‍ന്നു മ്യാന്മറില്‍ നിന്നും പാലായനം ചെയ്തത് 2.4 ലക്ഷം കുരുന്നുകള്‍. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന ഭരണകൂട ആക്രമണത്തിലാണ് മ്യാന്മറില്‍ നിന്നും മുതിര്‍ന്നവര്‍ക്കൊപ്പം കുരുന്നുകളും അയല്‍രാജ്യങ്ങള്‍ തേടിയത്. ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതപര്‍വം തുറന്നു കാട്ടിയത്. എന്നാല്‍, പ്രാഥമിക കണക്കുകളാണിതെന്നും യുഎന്‍ വ്യക്തമാക്കി. മ്യാന്മറില്‍ നിന്നും പാലായനം ചെയ്തത് 3.91 ലക്ഷം അഭയാര്‍ത്ഥികളാണെന്ന് യുണിസെഫ് വക്താവ് മാറിസ്‌കി മെര്‍ക്കാഡോ പറഞ്ഞു. ഇവരില്‍ ഏെറയും കുട്ടികളാണ്. പാലായനം ചെയ്ത കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം ഏറെയാണെന്നും വക്താവ് ചൂണ്ടിക്കാട്ടി. പാലായനം ചെയ്തവരില്‍ 60 ശതമാനത്തോളം പേര്‍ കുട്ടികളാണ്. ഇവരില്‍ ഒരുവയസില്‍ താഴെയുള്ള കുട്ടികള്‍ 36,000 പേരുണ്ടെന്നും മെര്‍ക്കാഡോ പറഞ്ഞു. നടന്നും ബോട്ടുകളിലും അയല്‍രാജ്യങ്ങളും കാടുകളും കയറുന്ന അഭയാര്‍ത്ഥികളില്‍ 52,000 പേര്‍ ഗര്‍ഭിണികളാണ്. മുലയൂട്ടുന്ന അമ്മമാരും കുറവല്ല. നവജാത ശിശുക്കളുമായി നടന്നും നദിയില്‍ കൂടി നീന്തി പോകുന്നവരെയും കാണാനാകുമെന്ന് വക്താവ് പറഞ്ഞു. 1,100 നവജാത ശിശുക്കളെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മൂന്നാഴ്ചയ്ക്കിടയിലെ കണക്കുകളാണിതെന്നും അഭയാര്‍ത്ഥികളുടെയും പാലായനം ചെയ്തവരുടെയും കണക്കുകള്‍ പരിശോധിച്ചാല്‍ എണ്ണം ഇനിയും ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോഹിന്‍ഗ്യന്‍ പ്രശ്‌നങ്ങള്‍ യുഎന്നില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ചര്‍ച്ച ചെയ്യവെയാണ് യുണിസെഫ് പ്രതിനിധി ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടികളുടെ ജീവനുകള്‍ അപകടത്തിലാണെന്നും രാഷ്ട്രങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ യോഗത്തെ അറിയിച്ചു. കുട്ടികള്‍ക്ക് മതിയായ ആഹാരം പോലും ലഭിക്കുന്നില്ല. പട്ടിണിയില്‍ ദിവസങ്ങളോളം കിടക്കുന്നവരും അഭയാര്‍ത്ഥികളിലുണ്ട്. മെര്‍ക്കാഡോ പറഞ്ഞു. അഭയാര്‍ത്ഥികളുടെ എണ്ണം ഇനിയും ഉയരുമെന്ന് ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഏഷ്യ-പസഫിക് വക്താവ് ക്രിസ് ലോം പറഞ്ഞു.