റെക്കോര്‍ഡുകള്‍ തകര്‍ത്ത് മോഹന്‍ലാലിന്റെ പുലിമുരുകന്‍ കുതിക്കുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിനാണ് മലയാളത്തില്‍ നിലവിലെ റെക്കോര്‍ഡ് കളക്ഷന്‍. എന്നാല്‍ പുലിമുരുകന്‍ ദൃശ്യത്തിന്റെ റെക്കോര്‍ഡ് മറികടന്നുവെന്നാണ് സിനിമാ ലോകത്തുനിന്നുള്ള പുതിയ വിവരം. പുലിമുരുകന്‍ 25ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇതിനകം വാരിക്കൂട്ടിയത് 75 കോടി രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറുകോടി പ്രതീക്ഷിക്കുന്ന ചിത്രം വിദേശത്തും പ്രദര്‍ശനത്തിനെത്തിക്കഴഞ്ഞു.

അവിടങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തില്‍ ദൃശ്യത്തിനാണ് കളക്ഷനില്‍ റെക്കോര്‍ഡ്. ഏകദേശം 65 കോടിക്ക് മുകളിലാണ് ദൃശ്യം വാരിക്കൂട്ടിയതെങ്കില്‍ പുലിമുരുകന്‍ 75 കോടിയിലെത്തിക്കഴിഞ്ഞു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്‌ക്രീനിലാണ് ചിത്രം റിലീസ് ചെയ്തത്. ഇനീഷ്യല്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. ഓവര്‍സീസ്, സാറ്റലൈറ്റ്, ഓഡിയോ, വീഡിയോ റേറ്റ് എന്നിവയിലും മുരുകന്‍ വന്‍ തുക നേടിയെന്നാണ് വിവരം. വൈശാഖ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ടോമിച്ചന്‍ മുളക്പാടമാണ്.