മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് സ്വന്തം ഗ്രൗണ്ടില്‍ തിരിച്ചടി. 2016 ഏപ്രിലിനു ശേഷം ഒരു മത്സരത്തില്‍ പോലും ഗോളടിക്കാതിരുന്നിട്ടില്ലാത്ത റയലിനെ ദുര്‍ബലരായ റയല്‍ ബെറ്റിസ് ഒരു ഗോളിന് തോല്‍പ്പിച്ചു. സാന്റിയാഗോ ബര്‍ണേബുവില്‍ 94-ാം മിനുട്ടില്‍ ആന്റോണിയോ സനാബ്രിയയാണ് റയലിന്റെ ഹൃദയം പിളര്‍ന്ന ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് അത്‌ലറ്റിക് ബില്‍ബാവോയെ 2-1 ന് വീഴ്ത്തിയപ്പോള്‍ സെവിയ്യ, ഡിപോര്‍ട്ടിവോ ല കൊരുണ ടീമുകളും ജയം കണ്ടു.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കഴിഞ്ഞയാഴ്ച റയല്‍ സോഷ്യദാദിനെതിരെ 3-1 ജയം നേടിയ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് സൈനദിന്‍ സിദാന്‍ സ്റ്റാര്‍ട്ടിങ് ഇലവനെ ഇറക്കിയത്. ബോര്‍ഹ മയോറലിനു പകരം ക്രിസ്റ്റ്യാനോ വന്നപ്പോള്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തിയ മാര്‍സലോ തിയോ ഹെര്‍ണാണ്ടസിനു പകരം പിന്‍നിരയില്‍ ഇടംനേടി. മധ്യനിരയില്‍ യുവതാരം മാര്‍കോ അസന്‍സിയോക്ക് പകരം ടോണി ക്രൂസ് ബൂട്ടണിഞ്ഞു.
ലാലിഗ 2017-18 സീസണിലാദ്യമായി കളത്തിലിറങ്ങിയ ക്രിസ്റ്റിയാനോയ്ക്ക് നിര്‍ണായക മത്സരത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഗോളിനായി ക്രിസ്റ്റിയാനോ നടത്തിയ ശ്രമങ്ങള്‍ ബെറ്റിസ് പ്രതിരോധവും ഗോള്‍കീപ്പര്‍ അഡാന്‍ ഗരിഡോയും ചേര്‍ന്ന് വിഫലമാക്കി. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ക്രിസ്റ്റ്യാനോ പന്ത് ബാറിനു മുകളിലൂടെ അടിച്ചുപറത്തി. ക്രിസ്റ്റ്യാനോ ഒരുക്കിയ ഉറച്ചൊരു അവസരം ലക്ഷ്യത്തിലെത്തിക്കുന്നതില്‍ ഡാനി കാര്‍വഹാളിന് പിഴക്കുകയും ചെയ്തു. അതിനിടെ, എതിര്‍ താരത്തെ ഫൗള്‍ ചെയ്തതിന് കാര്‍ഡ് കാണാതിരുന്നത് ക്രിസ്റ്റ്യാനോയുടെ ‘ഭാഗ്യമായി. റയല്‍ സീസണിലെ മൂന്നാം സമനില വഴങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 94-ാം മിനുട്ടില്‍ സന്ദര്‍ശകര്‍ അട്ടിമറി ഗോള്‍ നേടിയത്. ബോക്‌സിനു പുറത്തുനിന്ന് സെര്‍ജിയോ റാമോസിന്റെ തലയ്ക്കു മുകളിലൂടെ ആന്റോണിയോ ബറാഗാന്‍ നല്‍കിയ പന്തില്‍, മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സനാബ്രിയ ഹെഡ്ഡറുതിര്‍ക്കുകയായിരുന്നു.
അത്‌ലറ്റിക് ബില്‍ബാവോയെ അവരുടെ ഗ്രൗണ്ടില്‍ച്ചെന്ന് നേരിട്ട അത്‌ലറ്റികോ മാഡ്രിഡ് എയ്ഞ്ചല്‍ കൊറയ, യാനിക് കറാസ്‌കോ എന്നിവരുടെ ഗോളിലാണ് ജയം പിടിച്ചെടുത്തത്. 55, 73 മിനുട്ടുകളിലെ ഗോളുകള്‍ക്ക് യഥാക്രമം കോകെയും ആന്റോയിന്‍ ഗ്രീസ്മാനും അവസരമൊരുക്കി. 92-ാം മിനുട്ടില്‍ റൗള്‍ ഗാര്‍ഷ്യയിലൂടെയായിരുന്നു അത്‌ലറ്റിക് ക്ലബ്ബിന്റെ ആശ്വാസ ഗോള്‍.
ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നെത്തിയ സ്‌ട്രൈക്കര്‍ ജീസസ് നവാസ് ആണ് ലാസ് പല്‍മാസിനെതിരെ സെവിയ്യയുടെ ഏക ഗോള്‍ നേടിയത്. ലുയ്‌സിഞ്ഞോയുടെ ഗോളിലായിരുന്നു ഡിപോര്‍ട്ടിവോ അലാവസിനെതിരെ ഡിപോര്‍ട്ടിവോയുടെ ജയം. ലിഗാനീസും ഗിറോണയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
73 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോളടിച്ച റയല്‍ മാഡ്രിഡിന്റെ റെക്കോര്‍ഡിന് സ്വന്തം ഗ്രൗണ്ടില്‍ തന്നെ അറുതിയായപ്പോള്‍ ലാലിഗയില്‍ അവര്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റാണ് സൈനുദിന്‍ സിദാന്റെ സംഘത്തിനുള്ളത്. 15 പോയിന്റുമായി ബാര്‍സലോണ ലീഡ് ചെയ്യുന്ന ലീഗില്‍ സെവിയ്യ (13), അത്—ലറ്റികോ മാഡ്രിഡ് (11), വലന്‍സിയ (9) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.