തീവ്രവാദവും അക്രമ രാഷ്ട്രീയവും അകറ്റിനിര്‍ത്തപ്പെടേണ്ടതാണെന്ന് ഖാഇദെ മില്ലത്ത് മുതല്‍ മുസ്്‌ലിം ലീഗിന്റെ നേതാക്കളെല്ലാം അതത് കാലങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തെ നിരന്തരം ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്. മുസ്‌ലിംകളെ സംഘടിപ്പിക്കാനെന്ന പേരില്‍ രാജ്യത്തും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുവന്ന പല സംഘടനകളും അടിസ്ഥാനമാക്കിയത് തീവ്രവാദത്തെയായിരുന്നു. അതുകൊണ്ട് തന്നെ അവയ്‌ക്കൊന്നും നിലനില്‍പ്പില്ലാതായി. അത്തരം ആശയഗതിക്കാര്‍ക്ക് ഒരു ഭരണകൂടത്തിന്റേയും സമൂഹത്തിന്റേയും പിന്തുണ ലഭിക്കില്ല. പല ലോക രാജ്യങ്ങളുടേയും സഹതാപം പിടിച്ചുപറ്റുന്ന ചില രാജ്യങ്ങളുടെ തീവ്രവാദപരമായ നീക്കങ്ങള്‍ അംഗീകരിക്കപ്പെടാറില്ല. തീവ്രവാദം എന്നും ഒറ്റപ്പെടുത്തപ്പെടും. ഇന്ത്യയിലെ പല സംസ്ഥാനങ്ങളുടേയും ചരിത്രമതാണ്. ഇതിനൊക്കെ ബദലായാണ് മുസ്‌ലിം ലീഗ് നിലവില്‍ വന്നത്. മുസ്‌ലിം ലീഗ് ജനാധിപത്യത്തേയും ഭരണഘടനയേയും മുഖവിലക്കെടുത്താണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് മുസ്‌ലിം ലീഗ് ഇങ്ങിനെ നിലനില്‍ക്കുന്നത്.

കേരള നിയമസഭയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തേക്ക് വലിയ കാറ്റടിച്ചപ്പോഴും ലീഗിനെ കൈയ്യൊഴിയാന്‍ കേരളത്തിലെ പൊതുസമൂഹം തയ്യാറായിട്ടില്ല എന്ന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാനാവും. 18 സീറ്റ് വിജയിക്കാന്‍ കഴിഞ്ഞത് മുസ്‌ലിംലീഗ് അണികള്‍ മാത്രം വോട്ട് ചെയ്തത് കൊണ്ടല്ല. പൊതുസമൂഹം മുസ്്‌ലിം ലീഗിന് അനുകൂലമായി വോട്ടു ചെയ്തു. ഒരു ഭാഗത്ത് ഒരു കൂട്ടര്‍ വര്‍ഗീയത പ്രചരിപ്പിക്കാനും മറ്റൊരു ഭാഗത്ത് അക്രമ രാഷ്ട്രീയത്തിലൂടെ കീഴ്‌പെടുത്താനും ശ്രമിച്ചിരുന്ന തെരഞ്ഞെടുപ്പായിരുന്നു. രണ്ടിനുമിടയിലാണ് മുസ്്‌ലിം ലീഗ് 18 സീറ്റുകള്‍ നേടി അഭിമാനത്തോടെ തലയുയര്‍ത്തി നിന്നത്. മുസ്്‌ലിം ലീഗിന് വോട്ട് ചെയ്ത പൊതുസമൂഹത്തിന് അതിന് മനസ്സുണ്ടായത് ഇന്ത്യയുടെ ജനാധിപത്യത്തേയും മതേതരത്വത്തേയും അംഗീകരിക്കുന്നുവെന്നുള്ളതുകൊണ്ടാണ്. വൈവിധ്യങ്ങളിലും ഐക്യം പ്രകടിപ്പിക്കുന്ന, നാനാത്വത്തില്‍ ഏകത്വം ഉദ്‌ഘോഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ജാതിയും മതവും ഭാഷകളും ജീവിത ശൈലികളും സംസ്‌കാരങ്ങളുമൊക്കെ വ്യത്യസ്തമാവുമ്പോഴും ഇന്ത്യക്കാരെന്ന നിലയില്‍ നാം അതൊക്കെ ഉള്‍ക്കൊള്ളുകയാണ്. ആ വൈവിധ്യങ്ങളെ ആഘോഷിക്കുകയാണ് ഇന്ത്യന്‍ രീതി. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ചെയ്യേണ്ടതും അതാണ്. അതാണ് മുസ്‌ലിം ലീഗും ചെയ്തത്. മുസ്്‌ലിം സമുദായത്തില്‍ തന്നെയുള്ള പലരും അതില്‍ നിന്നും തിരുത്തല്‍ വേണമെന്ന് പ്രസംഗിച്ചു നടന്നിട്ടുണ്ടായിരുന്നു. ഇതിനെയൊന്നും അംഗീകരിക്കാതെ ഇവിടെ മുസ്‌ലിംകള്‍ മാത്രം, ഇസ്‌ലാം മതം മാത്രം മതി എന്ന് വൈകാരികത ഇളക്കിവിട്ടവരുണ്ടായിരുന്നു. അവരെല്ലാം ഇന്ന് നിശബ്ദരായി.

നാനാത്വത്തില്‍ ഏകത്വം മുഖവിലക്കെടുത്തുകൊണ്ട്, വ്യത്യസ്തതകളിലും സൗന്ദര്യം ദര്‍ശിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. കവി ഇഖ്ബാല്‍ പാടിയത് പോലെ ഇന്ത്യയുടെ സൗന്ദര്യം വിവിധ മതങ്ങളും ജാതികളും ഭാഷകളും സംസ്‌കാരങ്ങളും ചേര്‍ന്നതാണെന്ന് തിരിച്ചറിയണം. അതാണ് വൈവിധ്യത്തിന്റെ ആഘോഷം. അതൊരു കവി ഭാവന മാത്രമല്ല. അതിനെയാണ് മുസ്്‌ലിം ലീഗ് അംഗീകരിച്ചത്. അതിനെയാണ് ജനങ്ങളും അംഗീകരിക്കുന്നതെന്ന് നമുക്ക് ആത്മധൈര്യത്തോടെ അത് പറയാനാവും. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് വേണ്ടി നാം പ്രവര്‍ത്തിക്കേണ്ടത്.
ഒരാള്‍ വധിക്കപ്പെടുമ്പോള്‍ അയാള്‍ക്കും കുടുംബത്തിനും മാത്രമല്ല നഷ്ടം. മറിച്ച് രാജ്യത്തിന്റെ ജനാധിപത്യ ശബ്ദങ്ങള്‍ കൂടി നിലച്ചുപോവുകയാണ്. പകരം അവിടെ വര്‍ഗീയത തലപൊക്കുന്നു, വിഭാഗീതയും. തീവ്രവാദവും ഭീകരവാദവും മുളപൊട്ടുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം പറയാറുണ്ടായിരുന്നു. നിങ്ങളുടെ ഭാവിയെ നിങ്ങള്‍ക്ക് മാറ്റാന്‍ സാധിക്കണമെന്നില്ല എന്ന്. നമ്മുടെ ശീലങ്ങളെ മാറ്റിയാല്‍ നമുക്ക് നമ്മുടെ ഭാവിയെ മാറ്റാന്‍ സാധിക്കും. കുറേക്കൂടി വിശാലതയോടെ ചിന്തിക്കുക. പ്രവര്‍ത്തിക്കുക. ഇസ്‌ലാം വിശാലതയാണല്ലോ. ഇസ്്‌ലാം ഇടുക്കമല്ല. മനുഷ്യത്വമാണ്, മനുഷ്യമുഖമുള്ള വാക്കുകളും പ്രവര്‍ത്തനങ്ങളുമാണ് വിശുദ്ധ മതം എന്നും മുന്നോട്ടുവെച്ചിട്ടുള്ളത്. അതില്‍ നിന്ന് ആവേശമുള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. നാം സ്‌നേഹം നല്‍കുക. എന്നിട്ട് സ്‌നേഹം വീണ്ടെടുക്കുക. ഇടുക്കത്തോടെ ചിന്തിക്കാന്‍ പാടില്ല. വിശാല മനസ്‌കതയോടെ ചിന്തിക്കുക.

നാട്ടില്‍ സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. യു.ഡി.എഫ് ഭരിച്ചിരുന്നപ്പോള്‍ സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ വളരെയേറെ പരിശ്രമിക്കുകയുണ്ടായി. അതിന്റെ ഫലം കാണുകയും ചെയ്തു. പുതിയ ഭരണകൂടം വന്നതോടെ സമാധാനം നഷ്ടമാവുകയാണ്. പുതിയ ഭരണകൂടം രാഷ്ട്രീയ വൈരം വെച്ച് പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയം നോക്കിയല്ല, കൊലപാകതങ്ങളും കൊലപാതകികളേയും നേരിടേണ്ടത്. മറിച്ച് നിയമം കൊണ്ടാണ്. ഇപ്പോഴത്തെ ഭരണകൂടം അത് മനസ്സിലാക്കണം. മുഖം നോക്കാതെ നിയമം നടപ്പിലാക്കുകയാണ് യഥാര്‍ത്ഥ ഭരണകൂടം ചെയ്യേണ്ടത്. രാഷ്ട്രീയമായ ചിന്തയും വൈരവും മാറ്റിവെച്ചുകൊണ്ട് നിയമത്തിന്റെ വഴിയിലൂടെ സമാധാനം പുലര്‍ത്താന്‍ ഭരണകൂടം തയ്യാറാവണം.