റിയാസ് ഗസ്സാലി ബംഗ്ലൂരു

വിശുദ്ധി പെയ്തിറങ്ങ്ിയ റംസാന്‍ അവസാനത്തോട് അടുക്കുകയാണ്. സര്‍വ്വേശ്വരനായ അള്ളാഹുവില്‍ അര്‍പ്പിതനായി സഹജീവികളോടു സ്‌നേഹവും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്നവനായി മാറുവാന്‍ റംസാന്‍ വ്രതാനുഷ്ഠാനം മനുഷ്യനെ പ്രാപ്തനാക്കുന്നത്. അതുക്കൊണ്ടു തന്നെയാണ് ഇസ്ലാമില്‍ വിശ്വസിക്കുന്ന എല്ലവരും നിര്‍ബന്ധമായും വ്രതം അനുഷ്ഠിക്കേണ്ടതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉപദേശിക്കുന്നതും.മറ്റുള്ള ആരാധനകള്‍ പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുമ്പോള്‍ നോമ്പ് വിശ്വാസിയും ദൈവവും തമ്മിലുള്ള നേരിട്ടുള്ള ഇടപാടാണ്. ‘ഭക്ഷണം ഉണ്ടായിട്ടും അത് ഉപേക്ഷിക്കുന്ന മനുഷ്യന്‍ വിശപ്പിന്റെ ഉള്‍വിളി ദൈവത്തിനായി സമര്‍പ്പിക്കുന്നു.റംസാന്‍ മാസത്തില്‍ വിശപ്പിന്റെ രുചി അറിയുന്ന വിശ്വാസി സമൂഹത്തില്‍ ദാരിദ്ര്യം കൊണ്ട് പട്ടിണി കിടക്കുന്നവരെയും അല്‍പ ഭക്ഷണം കഴിക്കുന്നവരെയും ഓര്‍ക്കണം എന്ന സന്ദേശം കൂടിയുണ്ട്.

നിരന്തരവും നിസ്തന്ദ്രവുമായ ആത്മസംയമന സാധനയിലൂടെ നേടിയെടുത്ത സ്വഭാവസവിശേഷതകളുടെ പടച്ചട്ടയണിഞ്ഞ് ഭാവിജീവിതത്തെ നേരിടുകയാണ് വിശ്വാസി സമൂഹത്തിന്റെ ബാധ്യത. റമദാനിലെ വ്രതാനുഷ്ഠാനവും മറ്റ് ആരാധനാകര്‍മങ്ങളും ഒരു പൂര്‍ണ മനുഷ്യനെ നിര്‍മിക്കുകയായിരുന്നു. ഭൗതിക കാമനകളുടെയും പൈശാചിക പ്രേരണകളുടെയും പ്രലോഭനങ്ങളുടെയും കെണിയില്‍ അകപ്പെടാതെ ആത്മത്യാഗത്തിന്റെയും ഭക്തിയുടെയും നിറവില്‍ ജാഗ്രത്തായ മനസ്സോടെയും ശരീരത്തോടെയും ജീവിച്ച സത്യവിശ്വാസിക്ക് സന്തോഷിക്കാനും ആനന്ദിക്കാനുമുള്ള വേളയാണ് ഇനി അവനെ കാത്തിരിക്കുന്നത്. ചെറിയ പെരുന്നാള്‍. സ്‌നേഹ പ്രധാനമായ ഭക്തിയുടെയും ദൈവ ഭയത്തിന്റെയും പിന്‍ബലത്തോടെ വ്രതശുദ്ധിയുടെ നന്മകള്‍ നുകര്‍ന്നും, സല്‍ക്കര്‍മങ്ങളുടെ വെളിച്ചം ചുറ്റിലും പ്രസരിപ്പിച്ചും കഴിഞ്ഞ മുസ്ലിം സമൂഹത്തിനുള്ള സമ്മാനമാണ് ചെറി പെരുന്നാള്‍. ക്ലേശപൂര്‍ണമായ ജീവിതയാത്രയിലെ വിശ്രമ താവളങ്ങള്‍ തേടിയുള്ള അന്വേഷണമാണ് മനുഷ്യനെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും കൊണ്ടെത്തിച്ചത്. ജീവിത മരുഭൂവില്‍ സഞ്ചാരമധ്യേ കണ്ടെത്തുന്ന പച്ചപ്പുല്‍ തുരുത്തുകളും തെളിനീര്‍ തടാകങ്ങളുമാണ് ആഘോഷ വേളകള്‍. ആഘോഷങ്ങളോടും ഉത്സവങ്ങളോടുമുള്ള മനുഷ്യന്റെ നൈസര്‍ഗികമായ ആഭിമുഖ്യം കണ്ടറിഞ്ഞ മതമാണ് ഇസ്ലാം. വിവിധ മതങ്ങള്‍ തങ്ങളുടെ അനുയായി വൃന്ദത്തിന് നാനാതരം ആഘോഷങ്ങളും ഉത്സവങ്ങളും ഒരുക്കിക്കൊടുത്തപ്പോള്‍, ഇസ്ലാം അതിന്റെ അനുയായികള്‍ക്ക് രണ്ട് പെരുന്നാളുകളാണ് ആനന്ദോത്സവ വേളകളായി നിശ്ചയിച്ചുകൊടുത്തത്ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹായും. രണ്ടും മഹത്തായ രണ്ട് ആരാധനാ കര്‍മങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ട് മതചിഹ്നങ്ങളുടെ മഹനീയ പശ്ചാത്തലം അടയാളക്കുറിയായ രണ്ടു പെരുന്നാളുകളുടെയും പൊരുള്‍ ആത്മഹര്‍ഷവും ദൈവസങ്കീര്‍ത്തനവുമാണ്. ചെറിയ പെരുന്നാള്‍ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയില്‍ കൊണ്ടാടുമ്പോള്‍, ഹജ്ജ് കര്‍മത്തിന്റെ അനുഷ്ഠാന പരിസരത്തിലാണ് ബലിപെരുന്നാളിന്റെ ആഘോഷം.

ഈ സമയത്ത് വിശ്വാസിയുടെ മനസ്സില്‍ റമസാന്‍ സമ്മാനിച്ച വിശുദ്ധിയും നിഷ്‌കളങ്കതയും ഒരു വര്‍ഷത്തേക്കുള്ള ഇന്ധനമായി നിലനിര്‍ത്താനകാണം.