Connect with us

More

വ്രതത്തിന്റെ ആരോഗ്യകരമായ പ്രയോജനങ്ങള്‍ വിശദീകരിച്ച് എച്ച്.എം.സി

Published

on

ദോഹ: വ്രതമെടുക്കുന്നതിലൂടെ നിരവധി പ്രയോജനങ്ങളുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. സുരക്ഷിതമായി വ്രതമെടുക്കുന്നവര്‍ക്ക് നിരവധി, സാമൂഹിക, ആത്മീയ മാനസിക, ആരോഗ്യ പ്രയോജനങ്ങളുണ്ടെന്ന് ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡയറ്റെറ്റിക്‌സ് ആന്റ് ന്യുട്രീഷന്‍ ഡയറക്ടര്‍ റീം അല്‍സാദി ചൂണ്ടിക്കാട്ടി.
സുരക്ഷിതമായി എങ്ങനെ വ്രതമെടുക്കാനം എന്നതിലും വ്രതത്തിന്റെ ആരോഗ്യപ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയെന്ന് അറിയാനുമായി കഴിഞ്ഞവര്‍ഷം റമദാനില്‍ എച്ച്എംസി ന്യുട്രീഷന്‍ വകുപ്പിലേക്ക് റഫര്‍ ചെയ്തത് 1300ലധികം പേരെയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇഫ്താറിലും സുഹൂറിലും സമീകൃത ആഹാരം കഴിക്കുകയെന്നത് വ്രതത്തിന്റെ ആരോഗ്യ പ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ സുപ്രധാനമാണ്. പഞ്ചസാര, സോഡിയം, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കരുത്. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തണം. വ്രതസമയം ഒഴിച്ചുള്ള മണിക്കൂറുകളില്‍ ധാരാളമായി വെള്ളം കുടിക്കണം. വെള്ളം കൂടുതലായി കുടിക്കുന്നതിലൂടെ നിര്‍ജലീകരണം ഒഴിവാക്കാനാകും. പ്രതിരോധ സംവിധാനത്തെ സംരക്ഷിക്കുന്നതിനും വ്രതം സഹായകമാകുന്നുണ്ട്. രോഗപ്രതിരോധ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായകമാകും. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ വരുമ്പോള്‍ ശരീരം സ്വയം ഊര്‍ജം സംഭരിക്കാന്‍ തുടങ്ങും.

അനിവാര്യമല്ലാത്ത, പ്രത്യേകിച്ചും തകരാറിലായ നിരവധി പ്രതിരോധ കോശങ്ങളെ പുനരുപയോഗം ചെയ്ത് ശരീരത്തിനാവശ്യമായ ഊര്‍ജം സ്വായത്തമാക്കും.ദഹന സംവിധാനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും ദഹനസംവിധാനത്തില്‍ ഭക്ഷ്യസംബന്ധമായുള്ള അസുഖങ്ങള്‍ പ്രതിരോധിക്കുന്നതിനും ഉപവാസം സഹായകമാണ്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ അളവ്, ഇന്‍സുലിന്‍ സംവേദനക്ഷമത എന്നിവ കാര്യക്ഷമമാക്കാനും വ്രതം സഹായിക്കുന്നുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദയരോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായകമാണെന്നും അല്‍സാദി ചൂണ്ടിക്കാട്ടി. ശരീരഭാരം കുറയ്ക്കുന്നതിനുള്ള വിജയമന്ത്രം കൂടിയാണ് വ്രതം നല്‍കുന്നത്.

വ്രതമെടുക്കുന്നതുകൊണ്ട് നിരവധി മാനസികാരോഗ്യ പ്രയോജനങ്ങളുമുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഉത്കണ്ഠയും വിഷാദവും പോലുള്ള മാനസികമായ പ്രശ്‌നനങ്ങളില്‍ പ്രതിരോധപരവും ചികിത്സാപരവുമായ പങ്കാളിത്തം ഉപവാസം വഹിക്കുന്നുണ്ട്.
ശ്രദ്ധയും കേന്ദ്രീകരണവും മെച്ചപ്പെടുത്താനും ഉപവാസം സഹായകമാകുമെന്നും റീം അല്‍സാദി പറഞ്ഞു. വ്രതം ആരോഗ്യത്തിന് ഗുണകരമാണെന്ന് മറ്റു ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. വ്രതസമയത്ത് ഭക്ഷണത്തില്‍ നിന്നും ഊര്‍ജം സ്വീകരിക്കാന്‍ ശരീരത്തിന് കഴിയാത്ത സാഹചര്യമുണ്ടാകും.

ഇതോടെ കരളിലും പേശികളിലും സൂക്ഷിച്ചിരിക്കുന്ന ഗ്ലൂക്കോസില്‍ നിന്ന് ഊര്‍ജം ശേഖരിക്കും. കരളിലും പേശികളിലും സൂക്ഷിച്ചിരിക്കുന്ന ഗ്ലൂക്കോസ് പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കും. ഇത് ശരീരഭാരം കുറയാനും പേശികളെ സംരക്ഷിക്കാനും കൊളസ്‌ട്രോള്‍ അളവ് കുറക്കാനും കാരണമാകും.
പകല്‍ സമയങ്ങളില്‍ ചൂട് കാലാവസ്ഥയില്‍ നിന്ന് അകന്ന് നില്‍ക്കണം. കുറഞ്ഞ അളവിലുള്ള കൊളസ്‌ട്രോള്‍ ഹൃദ്രോഗസാധ്യത കുറക്കുകയും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഒഴിവാക്കാനും സഹായിക്കും.

ഏതെങ്കിലും തരത്തിലുള്ള വിഷാംശം ശരീരത്തിലെ കൊഴുപ്പില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ വ്രതമെടുക്കുമ്പോള്‍ ഇവ നിര്‍വീര്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശരീരത്തിലുണ്ടാകും. വ്രതം തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴേക്കും നല്ല ഹോര്‍മോണുകള്‍ ശരീരം ഉത്പാദിപ്പിക്കാന്‍ തുടങ്ങും. ഇതിലൂടെ ശരീരത്തിനും മനസ്സിനും ഗുണകരമായ പ്രതിഫലനങ്ങള്‍ ഉണ്ടാകുകയും സുഖകരമായ അവസ്ഥയിലെത്തുകയും ചെയ്യും.

tech

യൂട്യൂബ് മ്യൂസിക് കൂടുതല്‍ സ്മാര്‍ട്ട്: ഇനി പ്ലേലിസ്റ്റിലെ പാട്ടുകള്‍ സെക്കന്‍ഡുകള്‍ക്കകം കണ്ടെത്താം

ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

Published

on

ദീര്‍ഘമായ പ്ലേലിസ്റ്റുകളില്‍ സ്‌ക്രോള്‍ ചെയ്ത് ഒരു പാട്ട് കണ്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യൂട്യൂബ് മ്യൂസിക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത് ‘find my playlist’ എന്ന ഫീച്ചറാണ്. നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപ്രകാരം, ഈ പരീക്ഷണ ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

പ്ലേലിസ്റ്റ് പേജിലെ shuffle play ബട്ടണിന് താഴേയുള്ള മൂന്ന് ഡോട്ട് മെനുവിലെ ഓപ്ഷനായി ഇത് ചിലര്‍ക്കു പ്രത്യക്ഷപ്പെട്ടു. എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സവിശേഷത ലഭ്യമല്ല അതായത് ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ചില അക്കൗണ്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആക്‌സസ്. പാട്ടുകളുടെ പേരുവഴി പ്ലേലിസ്റ്റിനുള്ളില്‍ നേരിട്ട് തിരയാനുള്ള ഈ സൗകര്യം ഇപ്പോള്‍ പരിമിതമായ iOS ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്.

ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇതുവരെ ഈ ഫീച്ചര്‍ എത്തിയിട്ടില്ല. ഫീച്ചറിന്റെ വ്യാപകമായ റോള്ഔട്ടിനും ആന്‍ഡ്രോയിഡ് റിലീസിനും യൂട്യൂബ് ഇതുവരെ വ്യക്തമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഈ അപ്‌ഡേറ്റ്, വലിയ പ്ലേലിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു പ്രത്യേകിച്ച് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Continue Reading

More

വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചന: വിഡി സതീശന്‍

ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പങ്ക്: തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കണം; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കും അദ്ദേഹം പറഞ്ഞു.

വൈഷ്ണയുടെ വോട്ട് പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിന്‍ ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നു. സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വൈഷ്ണ ഹിയറിംഗ് സമയത്ത് നല്‍കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ല. വൈഷ്ണയുടെ അസാനിധ്യത്തില്‍ സി.പി.എം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഡാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സി.പി.എം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സി.പി.എമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Continue Reading

Trending