തമിഴ് താരം ധനുഷ് ദമ്പതികളാണെന്ന വാദവുമായി രംഗത്തെത്തിയ വൃദ്ധ ദമ്പതികളുടെ വാദം പൊളിയുന്നു. മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് ധനുഷ് മകനാണെന്നുള്ള വാദവുമായി കോടതിയെ സമീപിച്ചത്. ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച അവര്‍ ധനുഷിന്റെ ശരീരത്തിലെ രണ്ടു അടയാളങ്ങള്‍ കോടതിക്കുമുമ്പില്‍ അറിയിച്ചിരുന്നു. ഈ അടയാളങ്ങള്‍ ധനുഷ് ലേസര്‍ ചികിത്സ ഉപയോഗിച്ച് മായ്ച്ചുകളഞ്ഞെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം ഇപ്പോള്‍ ഓരോന്നായി പൊളിയുകയാണ്. ധനുഷിന്റെ ശരീരത്തില്‍ യാതൊരു തരത്തിലുള്ള മറുകോ തഴമ്പോ ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇത് മായ്ക്കാനുള്ള ശ്രമവും നടന്നിട്ടില്ലെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. അത്തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അവര്‍ കോടതിയെ അറിയിച്ചു.

dhanush-main1

ഇതു സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി ഡോക്ടര്‍മാരുടെ അടുത്ത് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തില്‍ ധനുഷിന്റെ ശരീരത്തില്‍ പാടുകളുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാന്‍ കഴിയുമോ എന്നും അത്തരത്തിലുള്ള എന്തെങ്കിലും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ തന്നെ യാതൊരു തെളിവും അവശേഷിപ്പിക്കാതെ പൂര്‍ണ്ണമായും നീക്കം ചെയ്യുക സാധ്യമാണോയെന്നും കോടതി മെഡിക്കല്‍ സംഘത്തിനോട് ചോദിച്ചു. ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന വിധത്തില്‍ മറുകോ തഴമ്പോ ഇല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചെറിയ രീതിയിലുള്ള മറുകുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധ്യമാണ്. എന്നാല്‍ തഴമ്പുകള്‍ ശസ്ത്രക്രിയ വഴി അത്തരത്തില്‍ നീക്കം ചെയ്യാന്‍ കഴിയില്ല. അതിന്റെ അളവ് കുറയ്ക്കാന്‍ ഒരു പക്ഷേ കഴിയും. ലേസര്‍ ചികിത്സയിലൂടെ ചെറിയ മറുകുകള്‍ പാടുകള്‍ ഒന്നും അവശേഷിപ്പിക്കാതെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധിക്കും. എന്നാല്‍ തഴമ്പുകള്‍ ചികിത്സയ്ക്ക് വിധേയമാക്കിയാലും പാടുകള്‍ അവശേഷിപ്പിക്കുമെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കുന്നു. ഇതോടെ ദമ്പതികളുടെ വാദം പൊളിയുകയായിരുന്നു.

dhanush1

കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിടുകയായിരുന്നു ധനുഷെന്നാണ് ദമ്പതികളുടെ വാദം. ധനുഷ് മകനാണെന്ന് അവര്‍ അവകാശപ്പെടുന്നു. കൂടാതെ 65,000രൂപ മാസംതോറും ചിലവിനായി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും കൊണ്ട് കോടതിയിലെത്തിയ ഇവര്‍ ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും പറഞ്ഞു. ഈ മാസം 27ലേക്ക് കേസിന്റെ വാദം മാറ്റി. നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരിരാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.