ടി.കെ ഷറഫുദ്ദീന്‍

ഐലീഗ് പുതിയസീസണില്‍ വിജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്.സി ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങും. മുന്‍ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാനാണ് എതിരാളികള്‍. വൈകുന്നേരം അഞ്ചിന് ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞസീസണില്‍ ബഗാനെ അവരുടെ തട്ടകത്തില്‍ തോല്‍പിക്കാനായത് ഗോകുലത്തിന് ആത്മവിശ്വാസം നല്‍കുന്നു.

കൊല്‍ക്കത്തന്‍ ടീമിനെതിരെ ഇതുവരെ കളിച്ച രണ്ട് മത്സരത്തില്‍ ഒരുജയവും തോല്‍വിയുമാണ് ഗോകുലത്തിന്റെ സമ്പാദ്യം. അതേസമയം, കഴിഞ്ഞതവണ ഗോകുലത്തിന്റെ മുന്നേറ്റനിരയില്‍ തിളങ്ങിയ ഉഗാണ്ടന്‍ സ്‌ട്രൈക്കര്‍ ഹെന്‍ട്രി കിസേക്ക ഇത്തവണ ബഗാന്‍ നിരയിലാണ്. മുന്നേറ്റനിരയില്‍ കേരളം ഉയര്‍ത്തിക്കാട്ടുന്ന മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജെര്‍മന്‍ പൂര്‍ണമായി കായികക്ഷമത വീണ്ടെടുക്കാത്തതും ജയം തേടിയിറങ്ങുന്ന കേരള ടീമിന് വെല്ലുവിളിയാണ്.

എന്നാല്‍ ആദ്യ ഇലവനില്‍ ജര്‍മ്മന്‍ കളിക്കുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഏതെങ്കിലുമൊരു താരത്തെ കേന്ദ്രീകരിച്ചുള്ള ഗെയിം പ്ലാനല്ല ഗോകുലത്തിന്റേതെന്ന് കോച്ച് ബിനോ ജോര്‍ജ്ജ് പറഞ്ഞു.