ഉമ്‌നിയു: ഈമാസം 27ന് മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നവര്‍ ചില്ലറക്കാരല്ല. ഇറ്റലി, അര്‍ജന്റീന, സ്വീഡന്‍, ഇന്തോനേഷ്യ തുടങ്ങിവരാണ് ഇത്തവണ വോട്ടു ചെയ്യാനെത്തുന്നത്. ഈ രാജ്യങ്ങളൊക്കെ എങ്ങനെ വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍ വോട്ടു ചെയ്യുമെന്നാണ് അല്‍ഭുതപ്പെടുന്നതെങ്കില്‍ ഞെട്ടേണ്ട. ഇറ്റലി, അര്‍ജന്റീന, സ്വീഡന്‍, ഇന്തോനേഷ്യ, തുടങ്ങിയവരൊക്കെ കിഴക്കന്‍ ഘാസി ജില്ലയിലെ ഷെല്ലാ നിയമസഭാമണ്ഡലത്തില്‍ പെട്ട ഉമ്‌നിയു-തിമാര്‍ എലാകയിലെ വോട്ടര്‍മാരാണ്. ഇവര്‍ മാത്രമല്ല മറ്റു വോട്ടര്‍മാരുടെ പേരും അമ്പരപ്പിക്കുന്നതാണ്. ഇവിടുത്തെ വോട്ടര്‍പട്ടിക പോലെ ഇത്രയും വിചിത്ര പേരുകളുള്ള മറ്റൊരു പട്ടിക കണ്ടെത്താനാകുമോ എന്നു പോലും സംശയമാണ്.

സിസ്‌റ്റേഴ്‌സ് പ്രോമിസ്ഡ് ലാന്റ്, ഹോളിലാന്റ് ഖാര്‍, ജറൂസലേം കെയ്ത്വാം തുടങ്ങിയ പേരുകളും പട്ടികയിലുണ്ട്. ഘാസികളുടെ പല പേരുകളും കേള്‍ക്കുന്നവര്‍ക്ക് ഏറെ നേരം ചിരിക്കാന്‍ വക നല്‍കുന്നതാണെന്ന് എലകയിലെ പ്രതിനിധിയായ പ്രസിഡന്റ് (സിര്‍ദാര്‍) പ്രീമിയര്‍ സിങ് പറയുന്നു. 50 ശതമാനം ഗ്രാമീണര്‍ക്കും ഇംഗ്ലീഷ് വാക്കുകളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. ഇവ പറയാനറിയുമെങ്കിലും എന്താണ് ഇതിന്റെ അര്‍ത്ഥമെന്ന് പലര്‍ക്കും അറിയില്ല. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന എലകയില്‍ 850 പുരുഷ വോട്ടര്‍മാരും 916 വനിത വോട്ടര്‍മാരുമാണുള്ളത്.

വോട്ടര്‍ ലിസ്റ്റില്‍ വിചിത്ര പേരുകാരാല്‍ സമ്പന്നവുമാണ്. എലകയിലെ മുഖ്യനായ പ്രീമിയര്‍ സിങിന് സ്ഥാനത്തിന് യോജിക്കുന്ന പേര് നല്‍കിയത് അച്ഛന്‍ തന്നെയാണ്. ഇവിടെ ത്രിപുര, ഗോവ, ടേബിള്‍, ഗ്ലോബ്, പേപ്പര്‍, സോളാര്‍ സിസ്റ്റം, വീനസ്, ശനി, അറേബ്യന്‍ സീ, പസഫിക്, കോണ്ടിനന്റ് തുടങ്ങിയ പേരുകാരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ദീന്‍ഗ്‌ദോ വംശജരായ സഹോദരിമാര്‍ക്ക് അമ്മ സുഖി (ഘാസിയില്‍ കസേര എന്നാണ് സുഖി എന്ന വാക്കിന് അര്‍ത്ഥം) നല്‍കിയ പേര് റിക്വസ്റ്റ്, ലൗലിനസ്, ഹാപ്പിനസ് എന്നീ പേരുകളാണ്. ഇവരുടെ അയല്‍വാസികളായ സഹോദരിമാര്‍ ഗുഡ്‌നസും യൂണിറ്റിയുമാണ്.

പട്ടികയില്‍ ആകെ മൂന്നു പേര്‍ക്കു മാത്രമാണ് ഇന്ത്യന്‍ പേരുകളുള്ളത്. ഭരത്, മുമ്താസ്, ദുര്‍ഗ എന്നിവരാണിത്. ബാക്കി എല്ലാവരും ഘാസി ഭാഷയിലെ പേരുകാരാണ്. മേഘാലയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പേരിലുമുണ്ട് സവിശേഷതകള്‍. മത്സരാര്‍ത്ഥികളില്‍ ചിലര്‍ അതിപ്രശസ്തരായ രാഷ്ട്രീയക്കാരുടെ പേരുള്ളവരാണ്.

നെഹ്‌റുവിന്റെ പേരില്‍ രണ്ടു പേരാണ് മത്സര രംഗത്തുള്ളത് നെഹ്‌റു സുട്ടിങും നെഹ്‌റു സങ്മയും. ഇരുവരും പൈനൂര്‍സ്്‌ല, ഗാംബേഗ്‌റ എന്നീ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഫ്രാങ്കന്‍സ്റ്റീനും കെന്നഡിയും ഇവിടെ മത്സര രംഗത്തുണ്ട്. സ്വന്തം മക്കള്‍ക്കു നല്‍കിയിരിക്കുന്ന പേരിന്റെ അര്‍ത്ഥം പല മാതാപിതാക്കള്‍ക്കും അറിയില്ലെന്നതാണ് ഏറെ കൗതുകമെന്ന് എഴുത്തുകാരനായ എച്ച്.എച്ച് മൊഹ്‌റമന്‍ പറയുന്നു.