ചിക്കു ഇര്‍ഷാദ്‌

ഷില്ലോങ്: മേഘാലയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ശക്തിപകര്‍ന്ന് ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്നേറുന്നു. 60 അംഗ സഭയില്‍ വോട്ടെടുപ്പ് നടന്ന 59 മണ്ഡലങ്ങളില്‍ ലീഡ് നില അറിവായപ്പോള്‍ 22 സീറ്റിലും കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. ക്രിസ്തീയ വോട്ടുകളുള്ള മേഘാലയയില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഇറക്കി വന്‍ പ്രചാരണം കാഴ്ചവെച്ചിട്ടും ആറ് സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് ഇതുവരെ മുന്നേറാനായത്. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കാന്‍ സാധ്യതയുള്ളിടത്ത് കോണ്‍ഗ്രസിന്റെ മുന്നേറ്റം ദേശീയ അധ്യക്ഷന് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.

നേരത്തെ മേഘായയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ രാഹുല്‍ ഗാന്ധി വലിയ പ്രതീക്ഷകളോടെയാണ് സംസ്ഥാനത്ത് നിന്നും മടങ്ങിയത്. മേഘാലയയില്‍ വിജയം ഉറപ്പിക്കുന്ന തരത്തില്‍ പ്രചരണ ശേഷം ഫെബ്രുവരി 22ന് രാഹുല്‍ ട്വീറ്റ് ചെയ്യുകയുമുണ്ടായി.


“മേഘാലയക്ക് നന്ദി! തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സ്‌നേഹവും ഉത്സാഹവും തൊട്ടറിഞ്ഞിരിക്കുന്നു. ഞാന്‍ ഉടനെ തിരിച്ചു വരുമെന്ന് വാഗ്ദാനം ചെയ്യുന്നു” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.


രാഹുല്‍ ഗാന്ധിയുടെ ഈ വാക്കുകള്‍ സത്യമായിരിക്കുകയാണിപ്പോള്‍. ജാക്കറ്റ് വിവാദവും ക്രിസ്തീയ കാര്‍ഡിറക്കിയിട്ടും മേഘാലയയില്‍ ബിജെപിക്ക് ഭരണ വിരുദ്ധ വികാരം കത്തിക്കാന്‍ സാധിച്ചിട്ടില്ല. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്.

2013-ലെ പ്രകടനത്തില്‍ നിന്ന് കാര്യമായ തിരിച്ചടിയേല്‍ക്കാതെയാണ് മേഘാലയയില്‍ കോണ്‍ഗ്രസിന്റെ വിജയം. ഒരു സീറ്റുമില്ലാതിരുന്ന ബി.ജെ.പി 2സീറ്റുകള്‍ നേടിയെങ്കിലും പ്രതിപക്ഷമായ എന്‍.പി.പി 18 സീറ്റുകള്‍ നേടി. മറ്റുള്ള പാര്‍ട്ടികളും നിര്‍ണായക പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

അധികാരം നിലനിര്‍ത്താനുള്ള സാധ്യത ശക്തമായതോടെ കോണ്‍ഗ്രസ് ദേശീയ നേതാക്കളായ കമല്‍നാഥ്, അഹ്മദ് പട്ടേല്‍ എന്നിവര്‍ ഷില്ലോങിലേക്ക് പുറപ്പെട്ടിട്ടുണ്ട്.


അതേസമയം മേഘാലയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രതിപക്ഷമായ എന്‍.പി.പി 18 സീറ്റില്‍ മുന്നിലുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളെ ചേര്‍ത്ത് ബി.ജെ.പി രൂപവത്കരിച്ച നാഷണല്‍ ഡെമോക്രാറ്റിക് സഖ്യത്തിന്റെ ഭാഗമാണ് എന്‍.പി.പി. ബി.ജെ.പി മറ്റു പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ഭരണം വിലക്കെടുക്കുമോ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ നോക്കികാണുകയാണ്.