ഷില്ലോങ്: ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് മോഹങ്ങള്‍ക്ക് തിരിച്ചടി. രണ്ട് അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി കോണ്‍ഗ്രസിതര കക്ഷികളെ കൂട്ടുപിടിച്ച് നടത്തിയ കരുനീക്കമാണ് മതേതര കക്ഷികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ബി.ജെ.പി നീക്കം വിജയിച്ചാല്‍ ഗോവ മാതൃകയില്‍ മേഘാലയയിലും കോണ്‍ഗ്രസിന് അധികാരത്തിന് പുറത്തിരിക്കേണ്ടി വരും.
മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ സാങ്മ ഇന്നലെ കാലത്ത് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതോടെ മേഘാലയയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ വൈകീട്ടോടെ കോണ്‍ഗ്രസിതര പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി) പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. എന്‍.പി.പി തലവന്‍ കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകുമെന്ന സൂചനയും പാര്‍ട്ടി നല്‍കി.
NPP’s Conrad Sangma met #Meghalaya Governor to stake claim to form government. Oath ceremony to take place on 6th March at 10.30 am. pic.twitter.com/27NaL1UAwV
— ANI (@ANI) March 4, 2018
രണ്ട് അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പിയാണ് കരു നീക്കത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഏതു വിധത്തിലും കോണ്‍ഗ്രസിനെ അധികാരത്തിനു പുറത്തിരിത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.പി.പി ഉള്‍പ്പെടെയുള്ള കക്ഷികളെ ബി.ജെ.പി കൂട്ടുപിടിക്കുന്നത്. മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വീഴ്ത്താന്‍ എല്ലാ അടവുകളും ബി.ജെ.പി പുറത്തെടുത്തെങ്കിലും ഫലം കണ്ടിരുന്നില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണമായി ആധിപത്യമുറപ്പിക്കുക എന്ന ബി.ജെ.പിയുടെ മോഹത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. ഇത് മറികടക്കുന്നതിനാണ് ചെറു കക്ഷികളെ കൂട്ടുപിടിച്ച് ബി.ജെ.പി അധികാരത്തിലേക്ക് കുറുക്കുവഴി തേടുന്നത്.
59 അംഗ സഭയില്‍ 29 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. എന്‍.പി.പിക്ക് 19 എം.എല്‍.എമാരാണുള്ളത്. ബി.ജെ.പിക്കും എച്ച്.എസ്.പി.ഡി.പിക്ക് രണ്ടു വീതവും അംഗങ്ങളുണ്ട്. ഇവര്‍ക്കു പുറമെ ആറ് അംഗങ്ങളുള്ള യു.ഡി.പിയുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നാണ് എന്‍.പി.പി അവകാശപ്പെടുന്നത്. എന്നാല്‍ ഇന്നലെ കാലത്ത് മാധ്യമങ്ങളെ കണ്ട മുകുള്‍ സാങ്മ യു.ഡി.പി പിന്തുണ കോണ്‍ഗ്രസിനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ യു.ഡി.പി മേഘാലയ രാഷ്ട്രീയത്തിലെ കിങ്‌മേക്കറാകുമെന്ന് ഉറപ്പായി. ഇതിനിടെ എന്‍.പി.പി നേതൃത്വത്തില്‍ രൂപീകരിച്ച പീപ്പിള്‍സ് ഡമോക്രാറ്റിക് ഫ്രണ്ടിനെ(പി.ഡി.എഫ്) പിന്തുണക്കാന്‍ തീരുമാനിച്ചതായി യു.ഡി.പി പ്രസിഡണ്ട് ദോങ്കുപാര്‍ റോയ് പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണ തേടിയിരുന്നെങ്കിലും ഭരണ സ്ഥിരത ഉറപ്പാക്കുന്നതിനാണ് പി.ഡി.എഫിനെ പിന്തുണക്കുന്നതെന്ന് ദോങ്കുപാര്‍ റോയ് കൂട്ടിച്ചേര്‍ത്തു.
Be the first to write a comment.