സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍ ഐ.വി ശശി. സീമയും താനും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഐ.വി ശശി പറഞ്ഞു. വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത പരന്നതോടെ ഒരു പ്രമുഖ ചാനലിനോട് വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

‘ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറേ പണിയൊന്നുമില്ലേ? എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടത്.’-ഐ.വി ശശി പറഞ്ഞു. സെലിബ്രിറ്റികളുടെ വ്യാജ മരണവാര്‍ത്തയും വിവാഹമോചനവാര്‍ത്തയുമെല്ലാം അടുത്തിടെയായി വ്യാപകമായ തോതിലാണ് പ്രചരിക്കുന്നത്. ഈ പ്രവണതക്കെതിരെ ചില താരങ്ങളൊക്കെ പ്രതികരിക്കാറുണ്ടെങ്കിലും മറ്റു താരങ്ങള്‍ അവഗണിക്കുകയാണ് പതിവ്.

ഐ.വി ശശി സംവിധാനം ചെയ്ത അവരുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സീമ ക്യാമറക്കു മുന്നിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനും നായികയും തമ്മില്‍ പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള പ്രണയത്തിനൊപ്പം സീമയെന്ന നടിയും വളര്‍ന്നു. തന്റെ എക്കാലത്തെയും ഇഷ്ടനായിക സീമയാണെന്നാണ് ഐ.വി ശശി പറഞ്ഞിരുന്നത്. മുപ്പതോളം സിനിമകളില്‍ ഐ.വി ശശി സീമയെ നായികയാക്കി. തുടര്‍ന്ന് 1980ല്‍ ഇരുവരും തമ്മിലുള്ള വിവാഹം. പിന്നീട് ചെന്നൈയിലേക്ക് താമസം മാറി. ഇതോടെ സീമ സിനിമാമേഖലയില്‍ നിന്ന് അകന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സീരിയലുകളില്‍ അമ്മ വേഷങ്ങളില്‍ സീമ അഭിനയിക്കുന്നുണ്ട്.