മുംബൈ: ഈ പരമ്പരയിലെ ടീം ഇന്ത്യയുടെ കണ്ടുപിടുത്തമാണ് ജയന്ത് യാദവ് എന്ന ഹരിയാനക്കാരന്‍. ഓഫ് സ്പിന്നര്‍ എന്ന നിലയിലാണ് ജയന്തിനെ കണ്ടെതെങ്കിലും താനൊരു ബാറ്റ്‌സ്മാന്‍ കൂടിയാണെന്ന് തെളിയിച്ചു. മുംബൈ ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിക്കൊടുത്തതില്‍ കോഹ്‌ലിയെക്കൂടാതെ ജയന്തിന്റെ സെഞ്ച്വറിക്കും നിര്‍ണായക പങ്കുണ്ട്. തന്റെ മൂന്നാം ടെസ്റ്റിലാണ് ജയന്ത് കന്നി സെഞ്ച്വറി നേടിയത്. അതും ഒരു റെക്കോര്‍ഡ് സൃഷ്ടിച്ച്.

ഒമ്പതാമനായി ഇറങ്ങി ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡാണ് ജയന്ത് സ്വന്തം പേരില്‍ കുറിച്ചത്. 204 പന്തില്‍ നിന്ന് 104 റണ്‍സാണ് ജയന്ത് നേടിയത്. 15 ഫോറുകള്‍ ഉള്‍പ്പെടെ ആയിരുന്നു ജയന്തിന്റെ ഇന്നിങ്‌സ്. ഓഫ് സ്പിന്നര്‍ എന്ന നിലയിലും ജയന്ത് തിളങ്ങി. വിക്കറ്റ് നേട്ടമില്ലെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്താന്‍ ജയന്തിനാവുന്നുണ്ട്. മുംബൈ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയ ജോ റൂട്ടിനെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത് അതിനൊരുദാഹരണം.

ഹരിയാനക്ക് വേണ്ടി കളിച്ചിരുന്ന ജയന്തിന്റെ പേരില്‍ രണ്ട് ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയുമുണ്ട്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനാവുമെന്ന് ജയന്ത് തെളിയിച്ചുകഴിഞ്ഞു. ജദേജക്കും അശ്വിനും പുറമെ മൂന്നാമതൊരു ഓള്‍റൗണ്ടറെ കൂടി ലഭിച്ച സന്തോഷത്തില്‍ ടീം ഇന്ത്യയും.

Don’t miss: ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്‌ലിയും