തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. പദ്ധതി നടത്തിപ്പില്‍ ഇരുവരും അഴിമതി നടത്തിയതായി കണ്ടെത്താനായിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ അയ്യായിരം രൂപക്ക് താഴെ സഹായം നല്‍കിയതില്‍ ഇടനിലക്കാര്‍ ചൂഷണം നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മലപ്പുറം സ്വദേശിയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഉമ്മന്‍ചാണ്ടി, കെ.എം മാണി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, മുന്‍ ലോട്ടറി ഡയറക്ടര്‍ എന്നിവര്‍ക്കെതിരെയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കാരുണ്യ ലോട്ടറിയിലൂടെ സര്‍ക്കാറിന്റെ കോടികളുടെ വരുമാനം ലഭിച്ചെങ്കിലും രോഗികള്‍ക്ക് പ്രയോജനം ലഭിച്ചില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.