റിയാദ്: ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും. ഖത്തര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പ്രതിഷേധിച്ചുകൊണ്ടുള്ള ഉപരോധ നടപടി.

എന്നാല്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഉപരോധം തള്ളി ഖത്തര്‍ രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ഖത്തര്‍ അറിയിച്ചു. ഉപരോധമേര്‍പ്പെടുത്തിയ ഗള്‍ഫ് രാഷ്ട്രങ്ങളുടെ നടപടി നിരാശാജനകമാണ്. തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ അറിയിച്ചു.

സൗദി സര്‍ക്കാരിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടു ചെയ്യുന്ന എസ്.പി.എ വാര്‍ത്താ ഏജന്‍സിയാണ് ഖത്തര്‍ ഉപരോധം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിപ്പിച്ചതായും എല്ലാ അതിര്‍ത്തികളും അടച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ യു.എ.ഇയും ഈജിപ്ത് വിദേശകാര്യ മന്ത്രാലയവും ഉപരോധവുമായി രംഗത്തെത്തുകയായിരുന്നു. ഖത്തറിനു മുന്നില്‍ എല്ലാ എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും അടഞ്ഞുകിടക്കുമെന്ന് ദോഹ സര്‍ക്കാരും പറഞ്ഞു. അല്‍ഖായിദ, ഐ.സി.സ് എന്നിവയുള്‍പ്പെടെയുള്ള സഘടനകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നുവെന്നാണ് ഖത്തറിനെതിരെയുള്ള ആരോപണം.