ദോഹ: ഖത്തറിനെതിരെ മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്. ഇന്നലെയാണ് സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചത്. ഇതോടെ ഖത്തര്‍ ഒറ്റപ്പെടുകയായിരുന്നു.

പ്രശ്‌നംപരിഹരിക്കാന്‍ തുര്‍ക്കിയും കുവൈത്തും രംഗത്തെത്തി. തുര്‍ക്കി പ്രസിഡന്റ് റേസെപ് തയ്യിപ് മധ്യസഥത വഹിച്ചുകൊണ്ടുള്ള ശ്രമങ്ങള്‍ തുടങ്ങി. ഖത്തറും അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ അത്യധികം ആത്മാര്‍ത്ഥതയോടെയാണ് തുര്‍ക്കി മുന്നിറട്ടിറങ്ങിയിരിക്കുന്നതെന്ന് തുര്‍ക്കി ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ നുമാന്‍ കുര്‍ത്തുമസ് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് ശാബാ ഇല്‍ അഹമ്മദ് അല്‍ ശാബാ ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്ന നടപടികള്‍ കൈക്കൊള്ളരുതെന്ന് കുവൈത്ത് ഖത്തറിനോട് ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്തിനെതിരെയുള്ള നടപടിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ മന്ത്രിസഭ രാജ്യത്തെ അറിയിച്ചു. സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം, ഖത്തറിലെ സൈനിക കേന്ദ്രം അടച്ചുപൂട്ടില്ലെന്ന് അമേരിക്ക അറിയിച്ചു. അഫ്ഗാനിസ്താന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്കുള്ള സൈനിക നീക്കങ്ങള്‍ക്കായാണ് ഖത്തറിലെ അല്‍-ഉദൈദ് താവളം ഉപയോഗിക്കുന്നത്.