അഗര്‍ത്തല: ത്രിപുരയിലെ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നു. 1964 മുതല്‍ സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ദത്ത പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. പാര്‍ട്ടിയില്‍ അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചതായി ചൂണ്ടിക്കാട്ടിയാണ് ദത്തയുടെ രാജി. വെള്ളിയാഴ്ച ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ ബി.ജെ.പി മണ്ഡലം ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നത്.

ത്രിപുരയില്‍ ഈ വര്‍ഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിശ്വജിത്ത് ദത്തയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജനുവരി 28ന് അദ്ദേഹത്തെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ദത്തയെ മാറ്റി എസ്.എഫ്‌ഐ നേതാവ് നിര്‍മല്‍ ബിശ്വാസിനെ മത്സരിപ്പിക്കുകയായിരുന്നു.

പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 18ന് അദ്ദേഹം എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും രാജിവെച്ചിരുന്നു. തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും പാര്‍ട്ടിക്കുള്ളിലെ ക്രൂരമായ ഗൂഢാലോചനക്ക് താന്‍ ഇരയാവുകയായിരുന്നുവെന്നും ബിശ്വജിത്ത് ആരോപിച്ചു.