News
മോഡ്രിച്ച് മടങ്ങുമ്പോള്‍ നഷ്ടമാകുന്ന സൗന്ദര്യം
മാധ്യമ പരിലാളനകളും വലിയ ഫാന്‍ ബെയ്സുമൊന്നുമില്ലാതെ ഒരു കൊച്ചു രാജ്യത്തെ ലോകകപ്പിന്റെ ഫൈനലിലും അടുത്ത തവണ സെമി ഫൈനലിലും എത്തിക്കുക. നിസാരമല്ലാത്ത ഈ നേട്ടം സ്വന്തമാക്കിയാണ് ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലോകകപ്പിനോട് വിടപറയുന്നത്.

ദോഹ: മാധ്യമ പരിലാളനകളും വലിയ ഫാന്‍ ബെയ്സുമൊന്നുമില്ലാതെ ഒരു കൊച്ചു രാജ്യത്തെ ലോകകപ്പിന്റെ ഫൈനലിലും അടുത്ത തവണ സെമി ഫൈനലിലും എത്തിക്കുക. നിസാരമല്ലാത്ത ഈ നേട്ടം സ്വന്തമാക്കിയാണ് ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലോകകപ്പിനോട് വിടപറയുന്നത്.
ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലോക ഫുട്ബോളില്‍ വാഴ്ത്തപ്പെട്ട കാലത്തു തന്നെയാണ് ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യയ്ക്കൊപ്പം ഫുട്ബോളിലെ നിശബ്ദ വിപ്ലവം തീര്‍ത്തത്. മെസിയേയും സി.ആര് 7നെയും പോലെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും മോഡ്രിച്ച് മിഡ്ഫീല്‍ഡില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് നിശ്ശബ്ദ വിപ്ലവം സൃഷ്ടിച്ചു. ഡാവര്‍ സുക്കറും സ്യോനാവാര്‍ ബോബനും 98ല്‍ ക്രൊയേഷ്യയെ ലോകത്തിന് വിസ്മയമാക്കിയെങ്കില്‍ ഇന്ന് ലോക ഫുട്ബോളില്‍ ക്രൊയേഷ്യ നില്‍ക്കുന്നതിന് പിന്നില്‍ സൗമ്യനായ മോഡ്രിച്ചെന്ന 37കാരനാണ്. പോര്‍ച്ചുഗല്‍ കോച്ചുമായി പോരാടി ടീമിലിടം പോലും കിട്ടാതെ തകര്‍ന്ന മനസുമായി ക്രിസ്റ്റ്യാനോ ലോകവേദിയില്‍ നിന്ന് മടങ്ങി. മെസി ഇന്ന് കലാശക്കളിക്ക് ഇറങ്ങുന്നു. എന്നാല്‍ മോഡ്രിച്ച് മൊറോക്കോയുമായുള്ള ലൂസേഴ്സ് ഫൈനലിനു ശേഷം ലോകകപ്പിനോട് വിടചൊല്ലി. തല ഉയര്‍ത്തി അഭിമാനത്തോടെ തന്നെ. പ്രതിസന്ധികളോട് പടവെട്ടി അതിജീവിച്ച പോരാളിയായ ലൂക്ക മോഡ്രിച്ചിന് അങ്ങിനെ മാത്രമേ സാധിക്കൂ.
മെസി മാജിക്ക് കണ്ട അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ പകരക്കാരനെ ഇറക്കാനായി റഫറി നമ്പര്‍ ഉയര്‍ത്തിയപ്പോള്‍ അവിശ്വാസത്തോടെ ലുസൈല്‍ സ്റ്റേഡിയം വലിയ സ്ക്രീനിലേക്ക് ഒന്നു കൂടി നോക്കി. ലൂക മോഡ്രിച്ചിന് പകരം ലോവ്റോ മായര്‍. സ്റ്റേഡിയം എഴുന്നേറ്റ് നിന്നാണ് മോഡ്രിച്ചിനോട് ആദരവു കാണിച്ചത്. 37-ാം വയസിലും 20കാരന്റെ ചുറുചുറുക്കോടെ കളിക്കുന്ന മോഡ്രിച്ചിന് ഇത് അവസാന സെമി ഫൈനലായിരുന്നു. മോഡ്രിച്ച് 2024ല്‍ ജര്‍മനിയില്‍ നടക്കുന്ന യൂറോകപ്പ് വരെ ടീമില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ക്രൊയേഷ്യന്‍ കോച്ച് ഡാലിച് പറയുന്നു. എങ്കിലും ഇക്കാര്യം മോഡ്രിച്ചിന് വിടുന്നു. അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. 2017 വരെ 11 വര്‍ഷത്തോളം ലോക ഫുട്ബോളര്‍ക്കുള്ള ബാലന്‍ഡിഓര്‍ പുരസ്കാരം മെസിയും റോണാള്‍ഡോയും പങ്കിട്ടപ്പോള്‍ ആരും എതിരാളികളായി ഉണ്ടായിരുന്നില്ല. ഇത് ഭേദിച്ചാണ് മധ്യനിരക്കാരന് ലൂക മോഡ്രിച്ചിന്റെ വരവ്.
പല കളിക്കാരെയും പോലെ മെസിയുടേയും റൊണാള്‍ഡോയുടേയും നിഴലില്‍ കാണാതെ പോയ മികച്ച താരമായിരുന്നു മോഡ്രിച്. പക്ഷേ 2018ല്‍ റയല്‍ മാഡ്രിഡിനെ മൂന്നാം തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലേക്കും ക്രൊയേഷ്യയെ അപ്രതീക്ഷിതമായി ലോകകപ്പ് ഫൈനലിലെത്തിക്കുകയും ചെയ്തപ്പോള്‍ മികച്ച താരം ആരെന്നതിന് കടുത്ത വിമര്‍ശകര്‍ക്ക് പോലും മോഡ്രിച്ച് എന്ന നാമത്തെ എതിര്‍ക്കാനായില്ല. നാലു വര്‍ഷത്തിനിപ്പുറം മൊറോക്കോയ്ക്കെതിരായ ക്രൊയേഷ്യ ലൂസേഴ്സ് ഫൈനല്‍ കളിക്കുമ്പോഴും ലൂക മോഡ്രിച്ച് തന്നെയാണ് ക്രൊയേഷ്യയുടെ നെടുംതൂണ്. അര്‍ജന്റീനക്കെതിരായ സെമി ഫൈനല്‍ വരെ മോഡ്രിച്ചായിരുന്നു ഖത്തര്‍ ലോകകപ്പില്‍ പന്ത് തിരിച്ചുപിടിച്ചവരില്‍ മുമ്പന്‍. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ 16 തവണ എതിരാളികളുമായി പന്തിന് പോരടിച്ചതില്‍ ഒമ്പതും വിജയിച്ചു.
139 ടച്ചുകളാണ് 37-ാം വയസിലും അന്ന് മോഡ്രിച്ച് നേടിയത്. പ്രതിസന്ധികളില്‍ പതറാതെ അതിജീവനത്തിന്റെ പാത സ്വയം കണ്ടെത്തിയ പോരാളിയാണ് മോഡ്രിച്ച്. ആറു വയസുള്ളപ്പോള്‍ മുത്തച്ഛനെ സെര്‍ബ് റിബലുകള്‍ വെടിവെച്ചു കൊന്നതിന് സാക്ഷിയാകേണ്ടി വന്നയാളാണ് മോഡ്രിച്ച്. വീട് ചുട്ടെരിക്കപ്പെട്ടു. ജന്മനാട് വിട്ടോടേണ്ടിവന്നു. അഭയാര്‍ഥിയായി മാതാപിതാക്കളോടൊപ്പം താമസിച്ച ഹോട്ടലിന്റെ മുറ്റത്ത് പന്ത് തട്ടി തുടങ്ങിയ പയ്യന് ലോകകപ്പ് ആരവങ്ങള്‍ക്ക് നടുവില്‍ നിന്നും മടങ്ങുമ്പോള്‍ നഷ്ടപ്പെട്ടവനായല്ല വെട്ടിപ്പിടിച്ചവനായാണ് മടക്കം. മൃദുഭാഷിയും വിനയാന്വിതനുമായ മനുഷ്യന്. കോലാഹലങ്ങള്‍ക്ക് പിന്നാലെ പോകാതെ ഒതുങ്ങിക്കൂടിയുള്ള ജീവിതം. എല്ലാവരെയുംകൊണ്ട് നല്ലത് പറയിപ്പിച്ച വ്യക്തിത്വം. മെസിയുടെ അവസാന ലോകകപ്പ് മത്സരത്തിനായി ലോകം കാത്തിരിക്കുമ്പോള്‍ ലോകകപ്പ് വേദിയില്‍ നിന്നും ലൂക്ക മോഡ്രിച്ച് നിശബ്ദനായി മടങ്ങുന്നു. ഒരു പോരാളിയുടെ മടക്കം.
india
ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍(എസ്.ഐ.ആര്) തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടിയായി സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.
ഒഴിവാക്കിയ 65 ലക്ഷം ആളുകളുടെ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ചക്കകം പ്രസിദ്ധീകരിക്കണമെന്നാണ് നിര്‍ദേശം. ആധാര്‍ പൗരത്വ രേഖയായി അംഗീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ബിഹാറില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പരസ്യം നല്‍കണം. ദൂരദര്‍ശനിലും റേഡിയോ ചാനലുകളിലും ഇത് സംബന്ധിച്ച പ്രക്ഷേപണവും വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ഇലക്ടറല്‍ ഓഫിസര്‍മാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും അറിയിപ്പ് പ്രസിദ്ധപ്പെടുത്തണം.
അതേസമയം കോടതിയുടെ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന് അംഗീകരിച്ചു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമീഷന് നടത്തുന്ന വോട്ടര്‍ പുനഃപരിശോധനാ പ്രക്രിയയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
നേരത്തേ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവുകയും എന്നാല്‍ തീവ്ര പുനഃപരിശോധനക്ക് ശേഷമുള്ള കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാര്‍ പ്രധാന രേഖയായി പരിഗണിക്കണമെന്നും സുപ്രീംകോടതി കമീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിര്‍ദേശം.
65 ലക്ഷം വോട്ടര്‍മാരെ പുറത്താക്കിക്കൊണ്ടുള്ള പട്ടിക പുതുക്കള്‍ യോഗ്യരായ നിരവധി പേരുടെ വോട്ടര്‍മാരുടെ വോട്ടവകാശം നഷ്ടപ്പെടുത്തും എന്നാരോപിച്ചാണ് പ്രതിപക്ഷം പാര്‍ട്ടികള്‍ രംഗത്തെത്തിയത്.
News
ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്കാന് തീരുമാനിച്ച് ചെല്‍സി
ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു.

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്കാന് തീരുമാനിച്ച് ചെല്‍സി. ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു. ഒരു ഭാഗം ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും കുടുംബത്തിന് സംഭാവന ചെയ്യാനാണ് ചെല്‍സിയുടെ തീരുമാനം.
ജൂലൈയില്‍ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാരീസ് സെന്റ്-ജെര്‍മെയ്നെ 3-0 ന് പരാജയപ്പെടുത്തിയ ഫിഫയുടെ വിപുലീകൃത ടൂര്‍ണമെന്റില്‍ ചെല്‍സി വിജയിച്ചതിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ എന്‍സോ മാരെസ്കയുടെ ടീമിനെ പ്രതിനിധീകരിച്ച കളിക്കാര്‍ക്കിടയില്‍ ബോണസ് ഫണ്ട് തുല്യമായി വിതരണം ചെയ്യും. ഓരോ വിഹിതത്തിനും 500,000 ഡോളറില്‍ കൂടുതല്‍ വിലവരും. ജോട്ടയുടെ കുടുംബത്തിന് ഒരു പേയ്മെന്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്ലബ്ബും കളിക്കാരും സംയുക്തമായി എടുത്തതാണ്. ചെല്‍സിയുടെ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് പത്ത് ദിവസം മുമ്പ്, ജൂലൈ 3 ന് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയും പോര്‍ച്ചുഗീസ് ക്ലബ്ബ് പെനാഫിയലിനായി കളിച്ച സഹോദരന് ആന്‍ഡ്രെ സില്‍വയും മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
ജോട്ടയുടെ സ്മരണയ്ക്കായി ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഫോര്‍വേഡിന് ക്ലബ് സ്ഥിരം ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 2025-26 സീസണില്‍, ലിവര്‍പൂള്‍ കളിക്കാര്‍ അവരുടെ ഷര്‍ട്ടുകളിലും സ്റ്റേഡിയം ജാക്കറ്റുകളിലും ‘ഫോറെവര്‍ 20’ എന്ന ചിഹ്നം ധരിക്കും. 2020 ല്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സില്‍ നിന്ന് എത്തിയതിനുശേഷം ജോട്ട ക്ലബ്ബിന് നല്കിയ ഗണ്യമായ സംഭാവനകളെ ഈ ആദരാഞ്ജലി അംഗീകരിക്കുന്നു.
ലിവര്‍പൂളിന്റെ ഔദ്യോഗിക ചാരിറ്റിയായ എല്‍എഫ്സി ഫൗണ്ടേഷന്, പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം ഒരു ഗ്രാസ്റൂട്ട് ഫുട്ബോള്‍ പരിപാടി ആരംഭിക്കും. കമ്മ്യൂണിറ്റി ഇടപഴകലിലൂടെയും യുവജന വികസനത്തിലൂടെയും ജോട്ടയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആന്‍ഫീല്‍ഡില്‍ ബോണ്‍മൗത്തിനെതിരെ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ലിവര്‍പൂള്‍ കൂടുതല്‍ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
india
ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം; മരണം 40 ആയി
50ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 40 ആയി ഉയര്‍ന്നു. 220ല്‍ അധികം ആളുകളെ കാണാനില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 50ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
മരിച്ചവരില്‍ രണ്ട് പേര് സിഐഎസ്എഫ് ജവാന്മാരാണ്. ചോസ്തി, ഗാണ്ടര്‍ബാള്‍, പഹല്‍ഗാം മേഖലകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സൈന്യവും, എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്ഫോടനം ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയ ഭരണകൂടം ഉടന്‍ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍-സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
മിന്നല്‍പ്രളയത്തില്‍ തീര്ഥന് നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശത്ത് കഴിയുന്നവരെയും കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയില്‍ മാത്രം ബാഗിപുല്‍, ബട്ടാഹര്‍ എന്നീ പ്രദേശങ്ങളില്‍ മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തു. ഇരുപ്രദേശങ്ങളിലും ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala2 days ago
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്‍
-
film2 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
News2 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
kerala2 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
kerala2 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
-
kerala3 days ago
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു