ആവേശം വാനോളമുയര്‍ത്തി പരസ്യ പ്രചാരണത്തിന് സമാപനം. കൊട്ടിക്കലാശത്തിലും യു.ഡി.എഫ് കരുത്ത് കാണിച്ചു.വര്‍ദ്ധിത ഭൂരിപക്ഷത്തോടെ അഡ്വ.കെ.എന്‍.എ ഖാദര്‍ വിജയം നേടുമെന്ന് പ്രചാരണ സമാപനം സാക്ഷ്യപ്പെടുത്തി.
കൊട്ടിക്കലാശം നടന്ന ഇന്നലെ മണ്ഡലത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം രാവിലെ മുതല്‍ തന്നെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞിരുന്നു. സ്ഥലം നിശ്ചയിച്ച പ്രദേശങ്ങളിലെല്ലാം വന്‍ജനസാഗരമാണ് തടിച്ചുകൂടിയത്.
വിധി എഴുതാന്‍ 1,70,009 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 87,750 പുരുഷവോട്ടര്‍മാരും 82,259 സ്ത്രീ വോട്ടര്‍മാരുമുണ്ട്. ഇതിന് പുറമെ വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന 178 പ്രവാസി വോട്ടുകളും വേങ്ങരയിലുണ്ട്. ഇതില്‍ 169 പുരുഷന്മാരും ഒമ്പത് വനിതകളുമാണ്. നാളെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി 15ന് ഫലം പ്രഖ്യാപിക്കും. മുഴുവന്‍ ബൂത്തുകളിലും വി.വി പാറ്റ് മെഷീന്‍ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും വേങ്ങര ഉപതെരഞ്ഞെടുപ്പിനുണ്ട്്.