ഹൊബാര്‍ട്ട്: രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ തോറ്റതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 2-0ത്തിന് സ്വന്തമാക്കി. ഹൊബാര്‍ട്ടില്‍ ഇന്നിങ്‌സിനും 80 റണ്‍സിനുമാണ് കംഗാരുപ്പട തോറ്റത്. സ്വന്തം നാട്ടിലാണ് തോല്‍വി എന്നത് ഓസ്‌ട്രേലിയക്ക് കനത്ത നാണക്കേടുമായി. രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ കെയില്‍ ആബട്ടാണ് മാന്‍ ഓഫ്ദ മാച്ച്.

സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ഓസ്‌ട്രേലിയ 85, 161. ദക്ഷിണാഫ്രിക്ക 326.

ആറ് വിക്കറ്റ് വീഴ്ത്തി കെയില്‍ ആബട്ടിന്റെ മുന്നിലാണ് ഓസ്‌ട്രേലിയ തകര്‍ന്നത്. റാബഡ നാലു വിക്കറ്റും വീഴ്ത്തി. 23.1 ഓവറില്‍ 77 റണ്‍സ് വഴങ്ങിയാണ് അബോട്ട് ആറ് വിക്കറ്റ് വീഴ്ത്തിയത്. റബാഡയാകട്ടെ 17 ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. നാലാം ദിനം അവസാന എട്ട് വിക്കറ്റുകള്‍ കേവലം 32 റണ്‍സിനാണ് ഓസ്ട്രേലിയ നഷ്ടപ്പെടുത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ ഉസ്മാന്‍ കവാജ(64) ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്(45) എന്നിവര്‍ക്ക് മാത്രമെ തിളങ്ങാനായുള്ളൂ. 48 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ആദ്യ ഇന്നിങ്‌സിലും തിളങ്ങിയത്. ക്വിന്റണ്‍ ഡി കോക്ക് നേടിയ സെഞ്ച്വറിയുടെ(104) ബലത്തിലാണ് ദക്ഷിണാഫ്രിക്ക 326 നേടിയത്. അംല 47 റണ്‍സും സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ജയം 117 റണ്‍സിനായിരുന്നു. അഡ്‌ലയ്ഡിലാണ്‌ അടുത്ത മത്സരം.


Dont miss: ഓസ്‌ട്രേലിയയെ ഞെട്ടിച്ച് തകര്‍പ്പന്‍ ക്യാച്ചുമായി ഡുമിനി