അഡ്‌ലയഡ്: പരമ്പര തോറ്റെങ്കിലും അഡ്‌ലയ്ഡ് ടെസ്റ്റില്‍ ഒസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്. ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ കംഗാരുപ്പട തോല്‍പിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വിജയലക്ഷ്യം ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് അവസാനിച്ചു. പെര്‍ത്തിലും ഹൊബാര്‍ട്ടിലും ദക്ഷിണാഫ്രക്കയ്ക്കായിരുന്നു വിജയം. ഡേ നൈറ്റ് ടെസ്റ്റിലാണ് വിജയമെന്ന പ്രത്യേകതയും ഓസ്‌ട്രേലിയക്ക് സ്വന്തമാക്കാനായി.

സ്‌കോര്‍ബോര്‍ഡ്: ദക്ഷിണാഫ്രിക്ക: 259, 250 ഓസ്‌ട്രേലിയ: 383,127-3

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖവാജയാണ് മാന്‍ ഓഫ് ദമാച്ച്. ടോസ് നേടിയ ദക്ഷിണാഫ്രക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫാഫ് ഡുപ്ലെസിയുടെ സെഞ്ച്വറിയുടെ(118) ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും 259 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജോഷ് ഹേസില്‍വുഡിന്റെ പ്രകടനമാണ് (നാല് വിക്കറ്റ്) പ്രോട്ടീസിനെ 259ല്‍ ഒതുക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 383 റണ്‍സും ഒന്നാം ഇന്നിങ്‌സ് ലീഡുമാണ് നേടിയത്. ഖവാജ(145) സ്റ്റീവന്‍ സ്മിത്ത്(59) പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്(54) എന്നിവരാണ് തിളങ്ങിയത്. ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ പിടിച്ചിരുത്താന്‍ കംഗാരുപ്പട അനുവദിച്ചില്ല.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീ പാറും പന്തുകള്‍ക്ക് മുന്നില്‍ പതറിയ ദക്ഷിണാഫ്രിക്ക 250ന് പുറത്താവുകയായിരുന്നു. സ്റ്റാര്‍ക്ക് 23.2 ഓവറില്‍ അഞ്ച് മെയ്ഡനടക്കം നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതോടെ ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം 126 ആയി ചുരുങ്ങി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കംഗാരുപ്പട വിജയിച്ചു.