കെയ്പ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനവും തോറ്റതോടെ ഓസ്‌ട്രേലിയ 5-0ത്തിന് പരമ്പര അടിയറവ് വെച്ചു. ഇതാദ്യമായാണ് ഓസ്‌ട്രേലിയയെ ഏകദിനത്തില്‍ ഒരു ടീം വൈറ്റ് വാഷ് ചെയ്യുന്നത്. ആ നേട്ടം ഇനി ദക്ഷിണാഫ്രിക്ക അലങ്കരിക്കും. അവസാന ഏകദിനത്തില്‍ കംഗാരുപ്പടയുടെ തോല്‍വി 31 റണ്‍സിനായിരുന്നു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 328 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് 296 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റൈലി റൂസോ 122 റണ്‍സ് നേടി. ജീന്‍പോള്‍ ഡുമിനി(79) ഡേവിഡ് മില്ലര്‍(39) എന്നിവരും തിളങ്ങി. 53ന് മൂന്ന് എന്ന പരിത അവസ്ഥയില്‍ നിന്നാണ് ദക്ഷിണാഫ്രിക്ക കരകയറിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കംഗാരുപ്പട നന്നായി തുടങ്ങിയെങ്കിലും കൂറ്റന്‍സ്‌കോറിന് മുന്നില്‍ ഇടറി. ഡേവിഡ് വാര്‍ണര്‍ 173 റണ്‍സുമായി കളം നിറഞ്ഞുനിന്നെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. മിച്ചല്‍ മാര്‍ഷ്(35)ട്രാവിസ് ഹെഡ്(35) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. നേരത്തെ ടി20യില്‍ ഇന്ത്യയും ടെസ്റ്റില്‍ ശ്രീലങ്കയും ഓസ്‌ട്രേലിയയെ വൈറ്റ് വാഷ് ചെയ്തിരുന്നു.