editorial

മറക്കരുതാത്ത ദുരിതകാലം

By webdesk18

December 08, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒന്നാംഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ നാളെ വിധിയെഴുതുകയാണ്. പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ കൊടിയിറങ്ങിയതോടെ ഇന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് നിശബ്ദ പ്രചരണത്തിന്റെ ദിവസമാണെങ്കില്‍ ജനങ്ങള്‍ക്ക് ഇത് വിലയിരുത്തലിന്റെയും തീരുമാനമെടുക്കലിന്റെയും ദിവസമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ പ്രഥമവും പ്രധാനവുമായ ചര്‍ച്ചാവിഷയം പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.

പ്രാദേശിക ഭരണകൂടങ്ങളായ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോര്‍പറേഷനുകളിലെയുമെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ അതത് സംവിധാനങ്ങളുടെ അധികാര പരിധിയിലുള്ള ജനവിഭാഗങ്ങളെ സംബന്ധിച്ചടുത്തോളം അവര്‍ നേരിട്ടനുഭവിക്കുന്നതും അവരുടെ ദൈനംദിന ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ഈ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ വളരെ കൃത്യമായി തന്നെ ജനങ്ങളുടെ വിലയിരുത്തലിന് വിധേയമാക്കപ്പെടുകയും ജനവിധിയില്‍ അത് കൃത്യമായി പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്യുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലില്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയം ഫണ്ടിന്റെ അപര്യാപ്തത മുലമുണ്ടായ വികസനപ്രതിസന്ധിയാണ്.

ചരിത്രത്തിലില്ലാത്ത വിധം ബജറ്റ് വിഹിതം വെട്ടിക്കുറച്ചതാണ് തദ്ദേശ സ്ഥാപനങ്ങളെ ഇക്കാലമത്രയുമില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടപ്പെട്ടത്. സംസ്ഥാന ബജറ്റില്‍ ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്കുമുള്ള പദ്ധതി വിഹിതം നീക്കി വെക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇതാണ് കേരളത്തിലെ പ്രാദേശിക സര്‍ക്കാറുകളുടെ കരുത്ത്. സം സ്ഥാന ബജറ്റിന്റെ്‌റെ മൂന്നിലൊന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുക എന്നുള്ളതായിരുന്നു 1994 ല്‍ നിയമം നടപ്പാക്കുന്ന ഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ അനുവദിക്കേണ്ട തുകയില്‍ ഗണ്യമായ കുറവാണ് ഇടതു സര്‍ക്കാര്‍ വരുത്തിയത്. 2016 മുതല്‍ 2024 വരെയുള്ള കാലയളവിലെ സംസ്ഥാന ബജറ്റിന്റെ മൊത്തം കണക്ക് പരിശോധിച്ചാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിച്ചത് 46,252.87 കോടി രൂപയാണ്.

സംസ്ഥാന ബജറ്റിന്റെ 17.94 ശതമാനം മാത്രമാണിത്. ഇത് കേരളത്തിലെ പഞ്ചായത്തി രാജ് സംവിധാനത്തെ എത്രമാത്രം അപകടത്തിലാക്കി എന്നതിന്റെ ഉദാഹരണമാണ് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന് വേണ്ടി സ്വതന്ത്ര ഏജന്‍സി വിവിധ സംസ്ഥാനങ്ങളിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് നടത്തിയ പഠനം. ഈ റിപ്പോര്‍ട്ടിലെ സൂചികയില്‍ പല മേഖലകളിലും കേരളം പിറകിലാണ്. കര്‍ണാടകയെയാണ് മികച്ച പ്രകടനം നടത്തിയ സംസ്ഥാനമായി കണ്ടെത്തിയത്. കാര്യശേഷി വികസനത്തില്‍ തെലുങ്കാന ഒന്നാമതെത്തിയപ്പോള്‍ കേരളത്തിന്റെ സ്ഥാനം 12 ആണ്. ധന വികേന്ദ്രീകരണം, ഉദ്യോഗസ്ഥ പുനര്‍വിന്യാസം, അധികാര കൈമാറ്റം എന്നിവയിലും കേരളം പിന്നിലായി.പഞ്ചായത്തീ രാജ് സംവിധാനത്തെ കൊന്നുകൊലവിളി ച്ചതിന് പുറമെ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ടുപോകുന്ന ഭരണകൂടത്തോടുള്ള പ്രതിഷേധവും ഈതിരഞ്ഞെടുപ്പില്‍ അലയടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇത് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന മുഖ്യമന്ത്രിയുടെ മുന്‍കൂര്‍ ജാമ്യം തന്നെ ഭരണ പരാജയത്തിന്റെ സമ്മതപത്രമാണ്. ആരോഗ്യമേഖല വെന്റിലേറ്ററിലായപ്പോള്‍ വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞുകിടക്കുകയാണ്. അവശ്യ സാധനങ്ങളുടെ വില ഞെട്ടറ്റിപട്ടംപോലെ ഒരു നിയന്ത്രണവുമില്ലാതെ പാറിപ്പറക്കുമ്പോള്‍ ക്രമസമാധാന രംഗം തകര്‍ന്നുതരിപ്പണമായിക്കി ടക്കുന്നു. ഈ സര്‍ക്കാറിന്റെ അധപ്പതനത്തിന്റെ ആഴംവിളിച്ചറിയിക്കുന്ന സംഭവമാണ് ശബരിമലയിലെ സ്വര്‍ണമോഷണം. നേതാക്കള്‍ ഒന്നൊന്നായി അഴിയെണ്ണിക്കൊണ്ടിരിക്കുമ്പോള്‍ സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും നെഞ്ചിടിപ്പ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

മുന്‍മന്ത്രിമാരി ലേക്കും നിലവിലുള്ള മന്ത്രിമാരിലേക്കും മാത്രമല്ല, സാക്ഷാല്‍ മുഖ്യമന്ത്രിയുടെ നേര്‍ക്കുപോലും സംശയത്തിന്റെ നിഴല്‍നീളുന്ന തരത്തിലാണ് പ്രതികളുടെ മൊഴികള്‍. ‘വേലിതന്നെ വിള തിന്നുന്ന കേസ്’ എന്ന് ഹൈക്കോടതിയുടെ പരാമര്‍ശം മാത്രംമത്രി ശബരിമലസ്വര്‍ണക്കൊള്ളയിലെ പിണറായി സര്‍ക്കാറിന്റെ പങ്ക് വ്യക്തമാകാന്‍. അഴിമതിയും പിടിപ്പുകേടും സ്വജനപക്ഷപാതവുമെല്ലാം മുഖമുദ്രയാക്കിയ സര്‍ക്കാറിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍പോലും കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് പ്രഖ്യാപനം പെരുമഴയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. എന്നാല്‍ ഈ കാപട്യം ജനംതിരിച്ചറിഞ്ഞതിന്റെ വ്യക്തമായ തെളിവാണ് പ്രചരണ രംഗത്ത് യു.ഡി.എഫിനുണ്ടായ അഭൂതപൂര്‍വമായ മുന്നേറ്റം.