കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ നടന്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് എറണാകുളം ജില്ലാ കോടതി വിധി പ്രസ്താവിച്ചു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്കെതിരെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി.
അഞ്ചുവര്‍ഷം നീണ്ട വിചാരണയും നാടകീയ സംഭവവികാസങ്ങളും കഴിഞ്ഞാണ് ജഡ്ജി ഹണി എം. വര്‍ഗീസ് ഇന്ന് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവല്‍ സലിം), പ്രദീപ്, ചാര്‍ളി തോമസ്, ദിലീപ്, സനില്‍കുമാര്‍ (മേസ്തിരി സനില്‍), ജി. ശരത്, ദിലീപ് കേസിലെ എട്ടാം പ്രതിയായിരുന്നു.
2017 ഫെബ്രുവരി 17ന് അങ്കമാലിക്ക് സമീപം നടിയെ തട്ടിക്കൊണ്ടുപോയി കാറിനുള്ളില്‍ ബലാത്സംഗം നടത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതാണ് കേസ്. സംഭവം നടന്ന് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ആണ് വിചാരണ സമാപിച്ചത്.
പ്രമുഖ നടീ നടന്‍മാരടക്കം 261 സാക്ഷികളുള്ള കേസില്‍ 28 പേര്‍ മൊഴി മാറ്റി. 142 തൊണ്ടികള്‍ കോടതി പരിശോധിച്ചു. സാക്ഷി വിസ്താരത്തിന് മാത്രം കോടതി 438 ദിവസമെടുത്തു. ലൈംഗിക പീഡനം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍ , അശ്ലീല ചിത്രമെടുക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെയുള്ളത്.കേസിലെ പ്രതികള്‍ക്കെല്ലാം നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം. ഇതിന് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകളും ചുമത്തി. കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്ന വകുപ്പും കുറ്റകൃത്യം ചെയ്യാനുള്ള പദ്ധതി മറച്ചു വെക്കലും, ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതിന്റെ മറ്റു ചില ആരോപണങ്ങളും ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നു. കൂടാതെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാത്തതിന് തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തിയിട്ടുണ്ട്.
2017-ല്‍ ദിലീപ് അറസ്റ്റിലായി 85 ദിവസം ജയില്‍വാസം അനുഭവിച്ചശേഷം ജാമ്യത്തില്‍ മോചിതനായിരുന്നു. അറസ്റ്റിനുശേഷം താരസംഘടന ‘അമ്മ’ ദിലീപിനെ പുറത്താക്കിയിരുന്നു.
കോടതിയുടെ ഇന്നത്തെ വിധിയോടെ വര്‍ഷങ്ങളായുള്ള ഈ കേസ് നിര്‍ണായക ഘട്ടത്തിലെത്തി.