X

അരാജകത്വം അവസാനിപ്പിക്കണം

നോട്ട് നിരോധം കാരണം രാജ്യത്ത് ഉടലെടുത്ത അരാജകത്വം അനന്തമായ ആഴക്കയത്തിലെത്തി നില്‍ക്കുകയാണ്. പ്രതിസന്ധിക്കിടെ ആദ്യമായെത്തിയ ശമ്പള ദിനത്തില്‍ ശമ്പളവും പെന്‍ഷനും വാങ്ങാന്‍ കഴിയാതെ ലക്ഷക്കണക്കിനാളുകള്‍ പ്രയാസപ്പെട്ടത് രാജ്യത്തെ സാമ്പത്തിക ചംക്രമണത്തെ നിശ്ചലമാക്കിയത് ഗൗരവമായി കാണേണ്ടതുണ്ട്. നവംബര്‍ ഒമ്പതു മുതല്‍ 30 വരെയുള്ള സാമ്പത്തിക അടിയന്തരാവസ്ഥയില്‍ അനുഭവിച്ചതിനേക്കാള്‍ തീക്ഷ്ണമായ ദുരിതങ്ങളാണ് ഇനിയുള്ള നാളുകളിലുണ്ടാവുക എന്ന കാര്യത്തില്‍ സംശയമില്ല. ശമ്പളവും പെന്‍ഷനും വഴി മണി സര്‍ക്കുലേഷനില്‍ ലയിക്കേണ്ട പണത്തിനു കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും പരിധി നിശ്ചയിച്ചതോടെ അരാജകത്വം എന്ന് അവസാനിക്കുമെന്നു പറയാനാവാത്ത അവസ്ഥയാണുള്ളത്.

സംസ്ഥാന സര്‍ക്കാറിലെയും പൊതു മേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ ഒരാഴ്ച പിന്‍വലിക്കാവുന്നത് 24,000 രൂപ മാത്രമാണെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. എന്നാല്‍ ഇത്രയും തുക തന്നെ ഒരാഴ്ചക്കുള്ളില്‍ ലഭിക്കുന്ന സാഹചര്യമല്ല രാജ്യത്തുള്ളത്. മിക്കയിടങ്ങളിലും ഇന്നലെ പതിനായിരത്തില്‍ താഴെ മാത്രമാണ് ശമ്പളത്തുകയായി ലഭിച്ചത്. പല ട്രഷറികളും പണമില്ലാത്തതിനാല്‍ നിശ്ചലാവസ്ഥ തുടരുകയും ചെയ്യുന്നു. ശമ്പളം പൂര്‍ണമായി കൈപ്പറ്റാന്‍ ജീവനക്കാരെ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം റിസര്‍വ് ബാങ്ക് നിരാകരിച്ചിരിക്കുകയാണ്. ആവശ്യത്തിനു പണം ലഭിക്കാത്തതു കാരണം ലീഡ് ബാങ്കുകള്‍ പോലും പ്രവര്‍ത്തനം നിര്‍ത്തി പൂട്ടിപ്പോകുന്നു. പെട്ടെന്നു പൂട്ടുമ്പോഴുണ്ടാകുന്ന ജനവികാരത്തില്‍ നിന്നു സംരക്ഷണം തേടി പല ബാങ്കുകളും പൊലീസ് മേധാവികള്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ശമ്പളവും പെന്‍ഷനും നല്‍കാന്‍ ആവശ്യമായ തുക ബാങ്കുകളില്‍ ലഭ്യമാകുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ബാങ്കുകളിലേക്ക് ആവശ്യമായ നോട്ടുകള്‍ ഇനിയും ലഭ്യമാകാത്തതാണ് ആശങ്കക്കു കാരണം. ജീവനക്കാര്‍ ബാങ്കുകളിലും ട്രഷറികളിലും നേരിട്ടെത്തിയാല്‍ മാത്രമേ അക്കൗണ്ടില്‍ നിന്ന് 24,000 രൂപ പിന്‍വലിക്കാനാകൂ. എ.ടി.എമ്മുകള്‍ വഴി 2,500 രൂപ മാത്രമേ പ്രതിദിനം പിന്‍വലിക്കാനാവുകയുള്ളൂ. ഇതോടെ ശമ്പള ദിനത്തില്‍ സാമ്പത്തിക ചംക്രമണത്തിലുണ്ടാകുന്ന ഉണര്‍വ് പ്രതിസന്ധി കുറക്കുമെന്ന കണക്കുകൂട്ടല്‍ പോലും വൃഥാവിലായിരിക്കുകയാണ്.

ഇതിനിടെ ശമ്പളം കൈപ്പറ്റാനായി ജീവനക്കാര്‍ കൂട്ടത്തോടെ ബാങ്കുകളിലേക്കും ട്രഷറിയിലേക്കും പോകുന്നത് ഓഫീസുകളുടെ പ്രവര്‍ത്തനം താറുമാറാക്കുകയും ശമ്പളത്തെയും പെന്‍ഷനെയും ആശ്രയിച്ച് കഴിയുന്ന മേഖലകള്‍ മുഴുവന്‍ മാനസികമായി തളരുകയും ചെയ്യുന്നുവെന്ന യാഥാര്‍ഥ്യവും വിസ്മരിച്ചുകൂടാ. ഇനിയും ഒരു കാത്തിരിപ്പിനുള്ള മാനസികാവസ്ഥയിലല്ല പൊതുജനം എന്നതിന് പ്രകടമായ തെളിവുകളാണ് ജീവനക്കാരെ അകത്താക്കി ബാങ്ക് പൂട്ടിപ്പോകുന്ന പ്രതിഷേധങ്ങള്‍. പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ച അമ്പതു ദിനങ്ങള്‍ കൊണ്ടൊന്നും പരിഹരിക്കാവുന്ന പ്രതിസന്ധിയല്ല രാജ്യത്തുള്ളതെന്നു വ്യക്തം.

ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയായ 24,000 രൂപ വീതം ശമ്പളവും പെന്‍ഷനും വാങ്ങുന്ന പത്തു ലക്ഷം പേര്‍ക്കു നല്‍കാന്‍ കേരളത്തില്‍ മാത്രം 2400 കോടി രൂപ ആദ്യവാരം വേണം. ഇതില്‍ 1000 കോടി ഇന്നു ബാങ്കുകളിലും ട്രഷറികളിലും എത്തിക്കാമെന്നാണ് റിസര്‍വ് ബാങ്ക് ഉറപ്പു നല്‍കിയത്. ബാക്കി തുക അടുത്ത ദിവസങ്ങളില്‍ ലഭ്യമാക്കുമെന്നും ഓരോ ദിവസവും ലഭിക്കുന്ന തുക ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും പകുതി വീതം വീതിച്ചു നല്‍കുമെന്നുമുള്ള റിസര്‍വ് ബാങ്കിന്റെ ഉറപ്പ് എങ്ങനെ ഉള്‍ക്കൊള്ളാനാവും? ചെറിയ തുകയുടെ വേണ്ടത്ര കറന്‍സി കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ ഇല്ലാത്തതിനാല്‍, അനുവദിക്കുന്ന പണം ഭൂരിഭാഗവും 2000 രൂപയുടെയും 500 രൂപയുടെയും നോട്ടാകാനാണു സാധ്യത. ഇവകൊണ്ട് ദൈനംദിന ക്രയവിക്രയങ്ങള്‍ സാധ്യമാകില്ലെന്നതാണ് നിലവിലെ സാഹചര്യം. പണം ആവശ്യത്തിന് ചെലവഴിക്കാനാവാതെ ആളുകളുടെ കൈയില്‍ കുമിഞ്ഞു കൂടിയിട്ടെന്തു കാര്യം? മണി സര്‍ക്കുലേഷനില്‍ മാറ്റമുണ്ടായാല്‍ മാത്രമെ സാമ്പത്തിക അരക്ഷിതാവസ്ഥക്ക് അല്‍പമെങ്കിലും ആശ്വാസമുണ്ടാവുകയുള്ളൂ. സര്‍ക്കാര്‍ പിന്‍വലിച്ച നോട്ടുകളില്‍ 65 ശതമാനം ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ബാക്കി പണം ഇപ്പോഴും ബാങ്കുകളിലെത്തിയിട്ടില്ല. ബാങ്കില്‍ നിക്ഷേപമായെത്തിയതിനു പകരം നോട്ടുകള്‍ ആളുകളുടെ കൈയില്‍ എത്തിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. എന്നാല്‍ യാതൊരു മുന്‍കരുതലുമില്ലാതെ നടപ്പാക്കിയ പരിഷ്‌കാരത്തിലെ പരിഹാര നടപടികളിലും കേന്ദ്ര സര്‍ക്കാറിന് ഒരു ധാരണയുമില്ലെന്നാണ് വ്യക്തമാകുന്നത്.

ബാങ്കുകളിലും എ.ടി.എമ്മുകളിലും ആവശ്യത്തിന് പണം നല്‍കിയ ശേഷം നോട്ടുകള്‍ പിന്‍വലിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ ദുരിതം പേറേണ്ടിവരുമായിരുന്നില്ല. കള്ളപ്പണക്കാരെ പിടിക്കാന്‍ ആസൂത്രണമില്ലാതെ മോദി വെച്ച കെണിയില്‍ വീണിരിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ജോലിയും കൂലിയും ഉപേക്ഷിച്ച് ജനങ്ങള്‍ ബാങ്കുകള്‍ക്കു മുന്നില്‍ വരിനിന്ന് വിയര്‍ത്തു കുളിക്കുമ്പോഴും പരിഷ്‌കാര നടപടികളെ കുറിച്ച് പാര്‍ലമെന്റില്‍ വിശദീകരിക്കാന്‍ പ്രധാനമന്ത്രി തയാറാവുന്നില്ല. തൊഴിലാളികള്‍ രാവും പകലും ദുരിതമനുഭവിച്ച് പണിയെടുത്തുണ്ടാക്കിയ പണമാണ് ഒരൊറ്റ രാത്രികൊണ്ട് പ്രധാനമന്ത്രി ഇല്ലാതാക്കിയത്. കള്ളപ്പണത്തിനെതിരെ എന്നു വീരവാദം മുഴക്കുന്ന ഈ നടപടി വെറും തൊലിപ്പുറത്തെ ചികിത്സ മാത്രമാണെന്നു പൊതു ജനം തിരിച്ചറിഞ്ഞു. പുതിയ പരിഷ്‌കാരം പ്രധാനമന്ത്രി പ്രഖ്യാപിക്കും മുമ്പെ പ്രധാന കള്ളപ്പണക്കാരും ബി.ജെ.പി പ്രതിനിധികളും ഇക്കാര്യം അറിഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ ഇതിനു സാക്ഷ്യമാണ്. കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചും അവരുടെ മേല്‍ കൈവെക്കാന്‍ ശ്രമിക്കാതെയും മോദിയും കൂട്ടരും നടത്തുന്നത് വെറും പിത്തലാട്ടങ്ങളാണെന്ന് പൊതുജനങ്ങള്‍ക്കറിയാം.

പാര്‍ലമെന്റിനു പുറത്ത് തന്റെ പരിഷ്‌കാരങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി സഭക്കകത്ത് ഇക്കാര്യം വെട്ടിത്തുറന്നു പറയുന്നതിന് ആരെയാണ് പേടിക്കുന്നത്. പത്തു ദിവസത്തോളമായി തുടരുന്ന സ്തംഭനാവസ്ഥക്ക് ഒരേയൊരു ഉത്തരവാദി പ്രധാനമന്ത്രി മാത്രമാണ്. രാജ്യം കടുത്ത സാമ്പത്തിക അരാജകത്വത്തിലേക്കു മൂക്കുകുത്തി വീഴും മുമ്പു പൊതുജന മനസ്സിനൊപ്പം നിന്നാല്‍ പ്രധാനമന്ത്രിക്കു നന്ന്. പ്രതിഷേധങ്ങളത്രയും പ്രക്ഷോഭമായി പരിണമിച്ചാല്‍ പടിച്ചുനില്‍ക്കാന്‍ നെഞ്ചളവിന്റെ ഊറ്റം മാത്രം മതിയാകില്ല.

chandrika: