X

ട്രംപിന് താക്കീതുമായി ഒബാമ

ബെര്‍ലിന്‍: പ്രസിഡന്റായി ചുമതലയേറ്റാല്‍ കാര്യങ്ങളെ ഗൗരവമായി ഡൊണാള്‍ഡ് ട്രംപ് കാണണമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ അവസാന ഔദ്യോഗിക സന്ദര്‍ശനത്തിന് ജര്‍മ്മനിയിലെത്തിയപ്പോഴാണ് ഒബാമ നിയുക്ത പ്രസിഡന്റിന് ഉപദേശം നല്‍കിയത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെ ഒബാമ ട്രംപിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

‘ചുമതലയേറ്റാല്‍ പിന്നെ കാര്യങ്ങളെ ഗൗരവപൂര്‍വം കാണാന്‍ ട്രംപ് തയാറാകണം. അല്ലെങ്കില്‍ അധികകാലം പ്രസിഡന്റ് പദവിയില്‍ തുടരാനാകില്ല’. ഒബാമ മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പിനിടെ ട്രംപ് നാറ്റോയ്‌ക്കെതിരെ തിരിഞ്ഞിരുന്നെങ്കിലും അമേരിക്കയുടെ നേതൃത്വത്തില്‍ ഏഴ് പതിറ്റാണ്ടുകളായി തുടരുന്ന നാറ്റോ സഖ്യത്തിനു ഉടവു തട്ടില്ലെന്നും ഒബാമ ഉറപ്പു നല്‍കി. റഷ്യയ്‌ക്കെതിരെ യുഎസിന്റെ നിലപാട് എന്തായിരിക്കണമെന്നും ഒബാമ ട്രംപിനെ ഓര്‍മിപ്പിച്ചു. ‘റഷ്യ-അമേരിക്ക ബന്ധത്തില്‍ രാഷ്ടീയ നിലപാട് പാടില്ല.

അമേരിക്കയുടെ മൂല്യങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള സമീപനമായിരിക്കണം വേണ്ടത്’. ഒബാമ നിര്‍ദേശിച്ചു. ട്രംപ് തന്റെ കാലത്തെ ഭരണ നടപടികള്‍ തുടരില്ലെന്നാണ് കരുതിയത്, പക്ഷേ സംഭവിച്ചത് അതല്ലെന്ന് ഒബാമ പറഞ്ഞു. രാജ്യ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാവണം ട്രംപ് പ്രവര്‍ത്തിക്കേണ്ടതെന്നും ഒബാമ ഓര്‍മിപ്പിച്ചു. ട്രംപിന്റെ നിലപാടുകള്‍ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ കൂട്ടിച്ചേര്‍ത്തു. ‘ജനങ്ങളെ വേദനിപ്പിച്ചാല്‍ റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കണം.

അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. ചെറിയ രാജ്യങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തരുത്’. സിറിയ അടക്കമുള്ള രാഷ്ട്രങ്ങളിലെ വര്‍ഷങ്ങള്‍ നീണ്ട പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ എട്ട് വര്‍ഷമായി യുഎസും ജര്‍മനിയും തമ്മില്‍ ഏറെ അടുപ്പമാണ് പുലര്‍ത്തിപോരുന്നതെന്നു ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. ഉക്രയിനിലും സിറിയയിലും നടക്കുന്ന ഐഎസ് പോരാട്ടങ്ങളെ കുറിച്ചും ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായും ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും ചര്‍ച്ച നടത്തി. ഒബാമയുടെ സന്ദര്‍ശനത്തെ ഏറെ അഭിനന്ദിച്ചും വിശേഷിപ്പിച്ചുമാണ് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

chandrika: