X

തോറ്റാല്‍ ഗോവക്ക് കരയാം

മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഗോവ ഇന്ന് ഫത്തോര്‍ഡയിലെ ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ നേരിടും. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുന്ന എപ്.സി ഗോവയ്ക്ക് ഇന്ന് ജയിച്ചേ തീരൂ. അല്ലെങ്കില്‍ സെമിഫൈനല്‍ മോഹം ഉപേക്ഷിക്കേണ്ടിവരും. പത്താം മത്സരത്തിനു ഇറങ്ങുന്ന ഗോവയ്ക്ക് ഇതിനകം ,രണ്ട് ജയം ഒരു സമനില , ആറ് തോല്‍വി കളാണ് സമ്പാദിക്കാനായത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഗോവ ഉള്‍പ്പെടെ മൂന്നു ടീമുകളും റണ്ട് മത്സരങ്ങളില്‍ മാത്രമെ ജയിച്ചിട്ടുള്ളു. എന്നാല്‍ ഏറ്റുവും കൂടുതല്‍ തോല്‍വി നേരിട്ട ടീമും ഗോവയാണ്. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ മാത്രം നേടുകയും 13 ഗോളുകള്‍ വാങ്ങുകയും ചെയ്തു ഗോള്‍ വഴങ്ങിയതിലും ഗോവയാണ് മുന്നില്‍ .

ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ഗോവയുടെ മുഖ്യ പരിശീലകന്‍ സീക്കോയ്ക്കു പകരം സഹപരിശീലകന്‍ വാനുചി ഫെര്‍ണാണ്ടോയാണ് എത്തിയത്. ഗോവയ്ക്ക് ഫുട്‌ബോള്‍ എന്നാല്‍ ആവേശമാണ്.

ഞങ്ങളുടെ എല്ലാം എല്ലാം ആണ് ഫുട്‌ബോള്‍. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ് പട്ടികയില്‍ താഴെ ആയിരുന്നുവെങ്കിലും അടുത്ത ആറ് മത്സരങ്ങളും ജയിക്കാമെന്നായിരുന്നു പ്രതീക്ഷ. ആദ്യഘട്ടം വീണ്ടും ആവര്‍ത്തിക്കില്ലെന്നുറപ്പ് നല്‍കാന്‍ ഈ അവസരത്തില്‍ കഴിയില്ലെങ്കിലും പ്ലേ ഓഫിനു വേണ്ടി പരമാവധി പോരാടും. എല്ലാവരും തങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണെന്നും – വാനുചി പറഞ്ഞു. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് ഏറ്റ 1-2 തോല്‍വിയ്ക്കു പുറമെ ക്യാപ്റ്റന്‍ ഗ്രിഗറി അര്‍ണോളിന്‍ റിച്ചാര്‍ലിസണ്‍ എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ടതും ഗോവയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. ഇരുവരെയും കൂടാതെ ഇന്ന് ഗോവയ്ക്ക് ഇറങ്ങേണ്ടിവരും. അതേപോലെ പരുക്കും ഗോവയെ വേട്ടയാടുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച നിരവധി കളിക്കാരെ ഇന്ന് ഒഴിവാക്കേണ്ടിവരും. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ആരൊക്കെ ഇറക്കാനാകു മെന്ന കാര്യം തങ്ങളെ ബാധിക്കുന്നില്ലെന്നും ആരു തന്നെ ഇറങ്ങിയാലും ജയിക്കുക , മൂന്നു പോയിന്റ് നേടുക എന്നതായിരിക്കും ലക്ഷ്യമെന്നും ഗോവയുടെ സഹപരിശീലകന്‍ പറഞ്ഞു.

പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും നോര്‍ത്ത് ഈസ്റ്റിനും ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്നു ജയം ഒരു സമനില നാല് തോല്‍വി എന്ന നിലയില്‍ 10 പോയിന്റ് മാത്രമെ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനും ഇതുവരെ നേടാനായിട്ടുള്ളു. ആദ്യത്തെ മികച്ച തുടക്കത്തിനുശേഷം ഹോം ഗ്രൗണ്ടിലെ മത്സരങ്ങളാണ് നോര്‍ത്ത് ഈസ്റ്റിനു തിരിച്ചടിയായത്. ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റിയോടുള്‍പ്പെടെ മൂന്നു മത്സരങ്ങളിലും തോറ്റു . ഏറ്റവും രസകരം നോര്‍ത്ത് ഈസ്റ്റ് നേടിയ 10 പോയിന്റില്‍ ആറ് പോയിന്റും ആദ്യ രണ്ട് മത്സരങ്ങളില്‍ സ്വന്തമാക്കിയ ജയത്തില്‍ നിന്നും ലഭിച്ചതാണ്. അതിനുശേഷം നോര്‍ത്ത് ഈസ്റ്റിനു മങ്ങലേറ്റു.

അതുകൊണ്ടു തന്നെ ഗോവയെ കീഴടക്കി വിലപ്പെട്ട മൂന്നു പോയിന്റ് നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് നോര്‍ത്ത് ഈസ്റ്റ് കോച്ച് നെലോ വിന്‍ഗാഡ വ്യക്തമാക്കി. ഈ മത്സരം നോര്‍ത്ത് ഈസ്റ്റിനെ സംബന്ധിച്ചു വളരെ നിര്‍ണായകമാണ്. ഗോഹാട്ടിയില്‍ നടന്ന ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് 2-0നു ജയിച്ചിരുന്നു. എമിലിയാനോ അല്‍ഫാരോയുടെ ഇരട്ടഗോളുകളിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം. അതേസമയം കഴിഞ്ഞ രണ്ട് സീസണുകളില്‍ ഒരിക്കലും നോര്‍ത്ത് ഈസ്റ്റിനു ഗോവയക്കെതിരെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥര്‍ത്ഥ്യം. കഴിഞ്ഞ രണ്ട് സീസണുകളിലെ രണ്ട് മത്സരങ്ങളില്‍ ഗോവ ജയിക്കുകയും ബാക്കി രണ്ട് മത്സരങ്ങളില്‍ സമനിലയില്‍ പിരിയുകയുമായിരുന്നു ടീമിന്റെ മുഖഛായ മെച്ചപ്പെടുത്തുന്നതിനു നന്നായി അധ്വാനിക്കേണ്ടിവരുമെന്നും ഗോവക്കെതിരായ വിജയം അനിവാര്യമാണെന്നും വിന്‍ഗാഡ പറഞ്ഞു. ഗോവയ്ക്ക് നിരവധി പ്രമുഖ താരങ്ങളെ കൂടാതെ ഇറങ്ങേണ്ടിവരും കോച്ച് എന്ന നിലയില്‍ നോര്‍ത്ത് ഈസ്റ്റിനു അത് ഗുണം ചെയ്യും. എന്നാല്‍ ,നല്ല ഫുട്‌ബോള്‍ പുറത്തെടുത്തു ഗോവയെ തോല്‍പ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

chandrika: