X

വിധേയത്വം നിറഞ്ഞ ശരീരഭാഷ

 

ഹംബര്‍ഗ്: ജി 20 ഉച്ചകോടിയുടെ ഭാഗമായി മുഖാമുഖം കണ്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെയും ശരീര ഭാഷ സൗഹൃദത്തിന്റേതായിരുന്നുവെന്ന് വിദഗ്ധര്‍.
വിധേയത്വവും ഭിന്നതയും അധികാരവും ഒന്നിച്ച് സമ്മേളിച്ചതായിരുന്നു കൂടിക്കാഴ്ചയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഹസ്തദാനം നല്‍കുമ്പോള്‍ പരുക്കന്‍ സ്വഭാവത്തോടെ പെരുമാറുന്ന ട്രംപിന്റെ കൈകള്‍ പുടിനു മുന്നിലെത്തിയപ്പോള്‍ മൃദുലമായതുപോലെ തോന്നി. ഒരുഘട്ടത്തില്‍ റഷ്യന്‍ പ്രസിഡന്റിന്റെ വലതുകൈയില്‍ തട്ടി സൗഹൃദം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതുപോലെയും തോന്നി. അതൊന്നും ട്രംപിന്റെ രീതികളെല്ല.
ലോകനേതാക്കളുമായി ഇടപെടുമ്പോള്‍ മേധാവിത്വം സ്ഥാപിക്കാന്‍ ശ്രമിക്കാറുള്ള അദ്ദേഹം ഇടഞ്ഞുനില്‍ക്കുകയുമാണ് പതിവ്. പുടിനെ ഊൗഷ്മളമായി സ്വീകരിച്ച ട്രംപിന്റെ മുഖത്തുനിന്ന് പതിവ് ഗൗരവ ഭാവം അറിയാതെ മാഞ്ഞു.
പുഞ്ചിരി നഷ്ടപ്പെടാതിരിക്കാനും അദ്ദേഹം സൂക്ഷിക്കാനുണ്ടായിരുന്നു. പുടിനുമായുള്ള ബന്ധത്തില്‍ അമേരിക്കന്‍ ജനതക്കും ലോകത്തിനും തെറ്റായ ധാരണകളുണ്ടാകാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്ന് യു.എസ് ശരീരാഭാഷാ വിദഗ്ധന്‍ ലിലിയന്‍ ഗ്ലാസ് പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ചതില്‍നിന്ന് വ്യത്യസ്തമായി ഇരുനേതാക്കളുടെയും ചര്‍ച്ച രണ്ടു മണിക്കൂറിലേറെ നീണ്ടിരുന്നു. താങ്കളെ ഞാന്‍ പിന്തുണക്കുന്നുവെന്ന സന്ദേശമാണ് പുടിന്റെ വലതുകൈയില്‍ ചെറുതായി തഴുകിയതിലൂടെ ട്രംപ് നല്‍കിയിരിക്കുന്നതെന്ന് പ്രമുഖ ശാരീരാഭാഷാ വിദഗ്ധ പാറ്റി വുഡ് പറഞ്ഞു.

chandrika: