kerala

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 53 പേര്‍ക്ക് കൂടി കോവിഡ്

By chandrika

August 20, 2020

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 824 പേരുടെ ഫലം നെഗറ്റീവായി. നേരത്തെ 18 രക്ഷാപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളില്‍ നിന്നുള്ള സമീപവാസികളായ 150 ഓളം പേര്‍ അന്ന് മുതല്‍ തന്നെ ക്വാറന്റീനിലേക്ക് മാറിയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കളക്ടര്‍, അസി. കളക്ടര്‍, സബ് കളക്ടര്‍ എസ്!പി, എഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തില്‍ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്.

ആഗസ്റ്റ് ഏഴിനാണ് വിമാനം അപകടത്തില്‍ പെടുന്നത്. ലാന്‍ഡിംഗിനിടെയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാന്‍ഡിംഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോര്‍ച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു.