ആലപ്പുഴ : മുല്ലയ്ക്കല് ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഉടമസ്ഥതയിലുള്ള ആന മുല്ലയ്ക്കല് ബാലകൃഷ്ണന് (55) തിങ്കളാഴ്ച രാവിലെ 7.15ഓടെ ചരിഞ്ഞു. ശീവേലി സമയത്ത് ക്ഷേത്രമതില്‍പ്പുറത്ത് തളച്ചിരിക്കുമ്പോഴാണ് ആന മറിഞ്ഞുവീണത്. ഉടന്‍തന്നെ ക്ഷേത്ര ഉദ്യോഗസ്ഥര്‍ ഓടിയെത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദീര്‍ഘകാലമായി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ചികിത്സയില്‍ കഴിഞ്ഞ നാളുകളില്‍ എഴുന്നള്ളിക്കാറില്ലായിരുന്നു. ക്ഷേത്രക്കുളത്തിന് സമീപം പ്രത്യേകമായി നിര്‍മ്മിച്ച തറയിലാണ് വിശ്രമ സൗകര്യം ഒരുക്കിയിരുന്നതും.
1987ലെ കൊടിയേറ്റാഘോഷാനന്തരമുണ്ടായ മിച്ചം ഉപയോഗിച്ച് ക്ഷേത്രം ഈ ആനയെ വാങ്ങിയത്. 1988ല്‍ മുല്ലയ്ക്കല് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയതിന് ശേഷമിങ്ങോട്ടുള്ള ഭക്തര്‍ ഏറെ സ്നേഹത്തോടെ കണ്ടിരുന്ന ഗജവീരനായിരുന്നു ബാലകൃഷ്ണന്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോന്നിയിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകുമെന്ന് വിവരം.