X

ഖത്തറില്‍ വാഴുമോ കുട്ടിപ്പട്ടാളം

ദോഹ: 2018 ഫിഫ ലോകകപ്പ് ഫൈനലില്‍ അഞ്ചാം ഗോള്‍ പിറന്നത് കൗമാരക്കാരന്റെ ബൂട്ടില്‍ നിന്നുമായിരുന്നു കിലിയന്‍ഡ എംബാപ്പെ. മോസ്‌കോയിലെ ഫൈനലിനു മുമ്പ് തന്നെ എംബാപ്പെ ഇതിഹാസ താരമായി മാറിയിരുന്നു. 1958ല്‍ 17കാരനായ പെലെ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടിയ ശേഷം 20 വയസിന് താഴെ ആരും തന്നെ ലോകകപ്പ് ഫൈനലില്‍ ഇതിനു മുമ്പ് ഗോള്‍ നേടിയിരുന്നില്ല. 60 വര്‍ഷമെന്നത് വലിയ ഒരു കാലയളവ് തന്നെ. ഫുട്‌ബോളില്‍ താരങ്ങളുടെ കഴിവ് കൂടുതല്‍ യുവത്വ കാലഘട്ടത്തിലാണ് പ്രകടമാവുന്നത്. എങ്കിലും ലോകകപ്പ് കൗമാരക്കാര്‍ക്ക് അത്ര കണ്ട് അവസരം നല്‍കാറില്ലെന്നതാണ് ചരിത്രം.

മറഡോണയും നികോളാസ് അനല്‍കയും 20ന് താഴെ പ്രായത്തില്‍ ടീമിലെത്തിയിരുന്നെങ്കിലും ലോകകപ്പ് നേടാന്‍ മുതിരുവോളം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ഇത്തവണ ഖത്തര്‍ ലോകകപ്പില്‍ ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത് ഒരു പിടി കൗമാര താരങ്ങളുടെ മാസ്മരിക പ്രകടനമായിരിക്കും. ഇതില്‍ പ്രധാനി മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമാണ്. ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ മധ്യനിര താരമായ 19കാരന്‍ ബെല്ലിങ്ഹാമിന് ഇംഗ്ലീഷ് കോച്ച് ഗാരത് സൗത്ത്‌ഗേറ്റ് നല്‍കിയിരിക്കുന്നത് വലിയ അവസരമാണ്. സീനിയര്‍ ടീമില്‍ ബെല്ലിങ്ഹാം എന്ത് മാന്ത്രികതയാണ് കാണിക്കുകയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ബെല്ലിങ്ഹാമിന്റെ സമകാലികനും സുഹുത്തുമായ മുന്‍ ഇംഗ്ലീഷ് യുവ താരം ജമാല്‍ മുസിയാലയാണ് ഇത്തവണ ശ്രദ്ധിക്കേണ്ട മറ്റൊരു കൗമാര താരം. സ്വന്തം നാടായ ജര്‍മ്മനിയുടെ സംഘത്തിനൊപ്പമാണ് മുസിയാല അണി നിരക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഇതിനോടകം തന്നെ മുസിലായുടെ കരിയറിലുണ്ട്. ഈ സീസണില്‍ ബയേണ്‍ മ്യൂണികിന്റെ ഗോള്‍ മെഷീനാണ് മുസിയാല. ജര്‍മ്മന്‍ കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റെ ഇഷ്ടതാരങ്ങളിലൊരാള്‍ കൂടിയാണ് മുസിയാല.

മുസിയാലക്കു പുറമെ മറ്റൊരു യുവതാരമായ യൂസുഫു മൗകോകോയാണ് ജര്‍മ്മന്‍ ടീമിലെ മറ്റൊരു കൗമാര താരം. 18കാരനായ സ്‌ട്രൈക്കര്‍ ഡോര്‍ട്മണ്ടിന്റെ ഗോള്‍സ്‌കോറര്‍മാരില്‍ പ്രമുഖനാണ്. കൗമാര പ്രായത്തില്‍ റെക്കോഡുകളുടെ പെരുമഴ തീര്‍ത്താണ് മൗകോകുവിന്റെ വരവ്. ജര്‍മ്മനിയുടെ അണ്ടര്‍ 16, അണ്ടര്‍ 13 ടീമംഗമായിരുന്ന മൗകോകു ബുണ്ടസ് ലീഗില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും ഗോള്‍ നേടിയ താരുവും കൂടിയാണ്. സ്‌പെയിനാണ് യുവ താരങ്ങളുമായി പരീക്ഷണത്തിനെത്തിയ മറ്റൊരു ടീം. 19കാരന്‍ പെഡ്രി, 18കാരന്‍ ഗവി എന്നിവര്‍ സ്‌പെയിനിന്റെ മധ്യനിര താരങ്ങളാണ്.

ബാഴ്‌സിലോണയുടെ താരങ്ങളായ ഇരുവരും ഇതിനോടകം തന്നെ രാജ്യാന്തര തലത്തില്‍ തങ്ങളുടെ സ്ഥാനം നേടിയിട്ടുണ്ട്. ബാഴ്‌സിലോണയുടെ ലാ മസിയ അക്കാഡമിയില്‍ നിന്നുള്ള 19കാരന്‍ ചാവി സിമണ്‍സാണ് നെതര്‍ലന്‍ഡ് സംഘത്തിലെ കുട്ടി താരം. ഇതുവരെ രാജ്യാന്തര അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത സിമണ്‍സ് ബാഴ്‌സയില്‍ നിന്നും പാരീസ് സെന്റ്ജര്‍മയ്‌നിലും അവിടെ നിന്നും പി.എസ്.വി ഐന്തോവനിലും ഇതിനോടകം തന്നെ കളിച്ചിട്ടുണ്ട്. അന്റോണിയോ സില്‍വ എന്ന 19കാരനെയാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ തുരുപ്പ് ചീട്ടായി ഇത്തവണ കൊണ്ടുവരുന്നത്. ബെന്‍ഫിക്കയുടെ ഫസ്റ്റ് ടീമില്‍ ഈ സീസണില്‍ അരങ്ങേറിയ താരം പോര്‍ച്ചുഗലിന്റെ പ്രതിരോധ നിരക്കാരനാണ്. അതിവേഗത കൊണ്ട് ഇത്തവണ അമ്പരപ്പിക്കാന്‍ കഴിയുന്ന താരം ബെല്‍ജിയത്തിന്റെ 19കാരന്‍ സീനോ ദെബാസ്റ്റ് ആയിരിക്കും. എങ്കിലും ഫോമിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ ഗരാങ് കുഓള്‍ ആരെയും വെല്ലും. എ ലീഗില്‍ സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഒതുങ്ങിയ കുഓള്‍ ജനുവരിയില്‍ പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡില്‍ എത്തിയതോടെയാണ് വെട്ടിത്തിളങ്ങിയത്. സെപ്തംബറില്‍ 18 പൂര്‍ത്തിയായ കുഓള്‍ ഇതുവരെ ഒരു രാജ്യാന്തര മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.

web desk 3: