കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ആറു വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറഞ്ഞത്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാല്‍, തന്നെ കേസില്‍പെടുത്തിയാണെന്നും പ്രോസിക്യുഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം.