X

ഇ.വി.എമ്മില്‍ കൃത്രിമം കാണിക്കാതിരുന്നാല്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തില്ല: മായാവതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാതിരുന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അംബേദ്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ സഹാറന്‍പൂരില്‍ സംസാരിക്കവെയാണ് മായാവതിയുടെ പ്രതികരണം.

ബി.എസ്.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മായാവതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് ബി.ജെ.പിക്കെതിരെ മായവതിയുടെ പരാമര്‍ശം.
തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ നടത്തുകയും ഇ.വി.എമ്മില്‍ കൃത്രിമം കാണിക്കാതിരുക്കുകയും ചെയ്താല്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തില്ലെന്നാണ് മായാവതി പറഞ്ഞത്. അന്വേഷണ ഏജന്‍സികളെ ബി.ജെ.പി രാഷ്ട്രീയവല്‍ക്കരിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ബി.ജെ.പി നേതാക്കളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. 2014ല്‍ അധികാരത്തിലേറുന്നതിന് മുമ്പ് ബി.ജെ.പി രാജ്യത്തെ ജനങ്ങള്‍ക്ക് എണ്ണമറ്റ വാഗ്ദാനങ്ങളാണ് നല്‍കിയത്. എന്നാല്‍ അതില്‍ നാലിലൊന്ന് പോലും പാലിക്കപ്പെട്ടില്ല. വളരെ കുറച്ച് മാത്രമേ ബി.എസ്.പി സംസാരിക്കാറുള്ളൂ. എന്നാല്‍ പറയുന്നതൊക്കെ ഞങ്ങള്‍ പ്രാവര്‍ത്തികമാക്കും,’ മായാവതി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നാല് തവണ അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ബി.എസ്.പി. നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കാതെ പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയാണ് പാര്‍ട്ടി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചതെന്നും മായാവതി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും ബി.എസ്.പി ടിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

webdesk13: