X

ഗോവധ നിരോധനം രാഷ്ട്രമൊട്ടാകെ നടപ്പാക്കണം: മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ഗോവധ നിരോധനം രാഷ്ട്രമൊട്ടാകെ നടപ്പാക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പശുക്കടത്ത് നടത്തിയെന്ന പേരില്‍ രാജസ്ഥാനില്‍ ഒരാളെ തല്ലിക്കൊന്നത് വിവാദമായതിന് പിന്നാലെയാണ് ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന പുറത്തുവരുന്നത്. മഹാവീര്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഭാഗവത് ഇങ്ങനെ തുറന്നടിച്ചത്.

ഗോവധ നിരോധനത്തിനായി ദേശീയ തലത്തില്‍ നിയമം പാസാക്കണം. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ അംഗീകരിക്കുന്നില്ല. ഇത്തരം അക്രമങ്ങള്‍ ഗോവധത്തിനെതിരായ നിലപാടുകളുടെ ഉദ്ദേശ്യ ശുദ്ധിയെ പ്രതികൂലമായി ബാധിക്കും. നിയമാനുസൃതമായി വേണം ഗോ സംരക്ഷകര്‍ പ്രവര്‍ത്തിക്കാനെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് പശുവിനെ കടത്തിയെന്നാരോപിച്ച് പെഹ്‌ലു ഖാന്‍ കൊല്ലപ്പെടുന്നത്. ജയ്പൂരിലെ മേളയില്‍ നിന്നും പശുക്കളെ വാങ്ങി മടങ്ങുമ്പോഴാണ് പെഹ്‌ലു ഖാനെയും സംഘത്തെയും അല്‍വാര്‍ ദേശീയ പാതയില്‍ വിശ്വഹിന്ദു പരിഷത്, ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. മേളയില്‍ നിന്ന് വാങ്ങിയതിന്റെ രേഖകള്‍ കാണിച്ചിട്ടും വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഓരോ പശുവിനും 35,000 രൂപയിലേറെ നല്‍കി വാങ്ങിയതാണെന്നും നിയമാനുസൃതം തന്നെയാണ് കച്ചവടമെന്നും പറഞ്ഞെങ്കിലും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് പെഹ്‌ലു ഖാന്‍ മരിക്കുന്നത്‌

chandrika: