X

സിപിഐ എം.എല്‍.എയുടെ ശുപാര്‍ശയില്‍ ബിജെപി പ്രവര്‍ത്തകന് ജോലി; നടപടി പാര്‍ട്ടിയില്‍ വിവാദമാകുന്നു

കൊല്ലം: കരുനാഗപ്പള്ളി കേരാഫെഡില്‍ ചുമട്ട് തൊഴിലാളി നിയമനത്തില്‍ സിപിഐ കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്റെ ശുപാര്‍ശയില്‍ ബിജെപി പ്രവര്‍ത്തകനായ തൊടിയൂര്‍ വേങ്ങറ സ്വദേശി ബിനുവിന് ജോലി നല്‍കിയത് പാര്‍ട്ടിയില്‍ വിവാദമാകുന്നു. എ.ഐ.ടി.യു.സി യൂണിയനില്‍ ഒഴിവ് വന്ന ഏഴ് ഒഴിവുകളില്‍ അഞ്ചെണ്ണം മാത്രമാണ് പാര്‍ട്ടി ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാക്കി വന്ന രണ്ട് ഒഴിവുകളില്‍ ഒരെണ്ണമാണ് ബിജെപി പ്രവര്‍ത്തകന് നല്‍കിയത്. ലക്ഷങ്ങള്‍ വാങ്ങിയാണ് നിയമനം നടത്തിയതെന്ന് കരുനാഗപ്പള്ളി എഐവൈഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. തുടര്‍ന്ന് മണ്ഡലം കമ്മിറ്റി പാര്‍ട്ടി കമ്മിറ്റിക്ക് പരാതി നല്‍കി.
എ.ഐ.ടി.യു.സി കേരാഫെഡ് യൂണിയന്‍ പ്രസിഡന്റും സിപിഐ കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, സിപിഐ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി കാര്‍ഷിക സഹകരണ ബാങ്ക് പ്രസിഡന്റ്, കേരാഫെഡ് ബോര്‍ഡ് മെമ്പര്‍, കരുനാഗപ്പള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.സോമന്‍പിള്ളയും പാര്‍ട്ടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പറായ ശശിധരന്‍പിള്ള, കേരാഫെഡ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ കുലശേഖരപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് നിരവധി പ്രവര്‍ത്തകരെ തഴഞ്ഞ് ബിജെപി പ്രവര്‍ത്തകന് ജോലി നല്‍കിയത്. സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നറിയിച്ചാണ് എംഎല്‍എയുടെ അടുത്ത അനുയായി കൂടിയായ പാര്‍ട്ടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പറായ ശശിധരന്‍പിള്ള ശിപാര്‍ശ കത്ത് വാങ്ങിയതെന്നാണ് സംഭവം വിവാദമായതോടെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. അര്‍ഹതപ്പെട്ട നിരവധി പ്രവര്‍ത്തകരെ ഒഴിവാക്കി നിയമനം നടത്തിയതില്‍ പ്രതിഷേധിച്ച് കുലശേഖരപുരം ലോക്കല്‍ കമ്മിറ്റി അംഗം പാര്‍ട്ടി വിട്ടിരുന്നു. വിഷയം വിവാദമായതോടെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായ മുന്‍ എംഎല്‍എ എന്‍.അനിരുദ്ധന്‍ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സെക്രട്ടറി ഈ വിഷയത്തെ നിസാരവത്ക്കരിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകന്‍ ബിനുവിന്റെ നിയമനം തൊടിയൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായപ്പോള്‍ ബിനു ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ ശശിധരന്‍പിള്ളി യോഗത്തില്‍ വിശദീകരിച്ചത്.
ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ ഇടപ്പെട്ട് കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ നിയമനത്തില്‍ ജോയിന്റ് കൗണ്‍സിലുകാരെ ഒഴിവാക്കി ബിജെപി അനുഭാവിയെ നിയമിച്ചതും വിവാദമായിരുന്നു. വരും ദിവസങ്ങളില്‍ കരുനാഗപ്പള്ളിയില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാകുകയാണ്. ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം സമുദായംഗങ്ങള്‍ക്ക് മാത്രം സ്ഥാനമാനങ്ങള്‍ നല്‍കുന്നുവെന്ന പരാതിയും ശക്തമാണ്.

chandrika: