X

പാഠ്യപദ്ധതി പരിഷ്‌ക്കരണ ചര്‍ച്ച

അബ്ദുല്‍ ലത്തീഫ് ടി.സി

1990കളിലാണ് കേരളത്തില്‍ പാഠ്യപദ്ധതി സമഗ്രമായ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1991ല്‍ എംഎല്‍എല്‍ എന്ന ആശയം നടപ്പാക്കി പാഠ്യപദ്ധതി പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1994 ഡി.പി.ഇ.പി ആരംഭിക്കുകയും അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന സമീപനത്തില്‍ നിന്നും വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിലേക്ക് വിദ്യാഭ്യാസ സമീപനത്തെ മാറ്റുകയും ചെയ്തു. പരമ്പരാഗത പരീക്ഷ സമ്പ്രദായങ്ങള്‍ മാറി 2005 ആദ്യമായി പത്താം തരത്തില്‍ ഗ്രേഡിംഗ് നടപ്പിലാക്കി. വിദ്യാഭ്യാസ സമീപനത്തില്‍ വിവിധ ആശയങ്ങള്‍ കൊണ്ടുവന്ന് പാഠപുസ്തകങ്ങള്‍ ഇടക്കാലങ്ങളില്‍ പരിഷ്‌കരിച്ചു എങ്കിലും സമഗ്രമായ പരിഷ്‌ക്കരണം നടന്നിട്ടില്ല. അവസാനമായി പാഠപുസ്തകം പരിഷ്‌കരിച്ചത് 2013ലാണ് മൈനസ് ടു മുതല്‍ പ്ലസ്.ടു വരെയുള്ള പാഠപുസ്തകങ്ങളെല്ലാം പരിഷ്‌കരിച്ചതോടൊപ്പം മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വെക്കേഷന്‍ ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളും ഈ കാലയളവില്‍ പരിഷ്‌കരിച്ചു. 2013 ലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ശേഷം പുതിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള ജനകീയ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും കൂടിയാലോചന നടത്തി ചര്‍ച്ച ചെയ്ത് പാഠ്യപദ്ധതി രൂപപ്പെടുത്തുക എന്നതിന്റെ വിജയ സാധ്യതകള്‍ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. പരിമിതമായ സമയങ്ങള്‍ നല്‍കി മുന്‍ഗണനകള്‍ ഒന്നുമില്ലാതെ പാഠ്യപദ്ധതി ചര്‍ച്ചചെയ്യുന്നത് ഫലവത്തായ റിസല്‍ട്ടുകള്‍ നല്‍കില്ലെന്ന് ഉറപ്പാണ്.പാഠ്യപദ്ധതി തയ്യാറാക്കാനുള്ള കരട് രൂപീകരണത്തില്‍ അധ്യാപക സംഘടനകളുമായുള്ള കൂടിയാലോചനകള്‍ ഉണ്ടായില്ല എന്നവിമര്‍ശനവും ഉയര്‍ന്ന് വരുന്നുണ്ട്.

എസ്.ഇ.ആര്‍.ടി പുറത്തിറക്കിയ സമൂഹ ചര്‍ച്ചക്കുള്ള കുറിപ്പില്‍ ആശാവഹമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ വയ്യ. എന്നാല്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം തടയിടാനും കേരളത്തിലെ ധാര്‍മിക പരിസരം ഇല്ലാതാക്കാനുമുള്ള ഒളിയജണ്ടകള്‍ ഇതിലടങ്ങിയത് കാണാതിരിക്കാനാവില്ല. വിദ്യാ സമ്പന്നമായ ഒരു പ്രദേശത്തിന് ചേരാത്ത പല പ്രവണതകളും ഇപ്പോഴും നിലനില്‍ക്കുന്നു ലിംഗനീതി, ലിംഗസമത്വം ,ലിംഗാവബോധം എന്നിവ ഉളവാക്കാനാവശ്യമായ അംശങ്ങള്‍ വലിയ തോതില്‍ പാഠ്യപദ്ധതിയില്‍ ഉണ്ടാകേണ്ടതുണ്ട്. (പേജ് നമ്പര്‍ 8) ലിംഗനീതി, ലിംഗ തുല്യത, ലിംഗാവബോധം കുട്ടികളില്‍ വളര്‍ത്താന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ പരിമിതികള്‍ അഭിസംബോധന ചെയ്യപ്പെടണം. പാഠപുസ്തകങ്ങള്‍, പഠന ബോധനരീതി, സ്‌കൂള്‍ ക്യാമ്പസ് , കളിസ്ഥലം എന്നിവ ജന്റര്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം. (പേജ് നമ്പര്‍ 20) ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തില്‍ എത്തിക്കാനും ക്ലാസ് മുറികളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോഴും ഇരിപ്പിട സൗകര്യങ്ങള്‍ നില്‍ക്കുമ്പോഴും സമ്മതത്തോടെ പ്രവര്‍ത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട് (പേജ് 21) വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ തുല്യ അവസരം, അധികാര പങ്കാളിത്തം, പൊതുജനങ്ങളുമായുള്ള സമ്പര്‍ക്ക സന്ദര്‍ഭങ്ങള്‍ ,ജന്റര്‍ ന്യൂട്രല്‍ സമീപനം എന്നിവയെല്ലാം വിദ്യാല പ്രവര്‍ത്തനങ്ങളില്‍ പാലിക്കാന്‍ എന്തെല്ലാം കഴിയും.

ലിംഗ അസമത്വവും , ലിംഗ അനീതിയും, ലിംഗവിവേചനവും ഇവിടെ നിലനില്‍ക്കുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ചര്‍ച്ചകള്‍ക്കുള്ള കരട് രേഖയില്‍ മേല്‍ സൂചകങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവുന്നത്. കളിസ്ഥലം, ഇരിപ്പിടം, സ്‌കൂള്‍ വാഹനങ്ങള്‍ തുടങ്ങി എല്ലാ രംഗത്തും ആണ്‍പെണ്‍ വിവേചനം അവസാനിപ്പിച്ച് തുല്യമായ സമീപനം കൊണ്ടുവരണമെന്ന് കരട് നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സ്ത്രീ പുരുഷ വ്യത്യാസം സാമൂഹിക സൃഷ്ടിയാണെന്നും സാമൂഹികമായി ഇപ്പോള്‍ നിലനില്‍ക്കുന്ന പരമ്പരാഗത ചിന്തകള്‍ മാറണമെന്നും സ്ത്രീപുരുഷ ജനിതക വ്യത്യാസങ്ങള്‍ കാണാതിരിക്കണം എന്നുമാണ് കരടിലെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം (പേജ് 79) അറിവിന്റെ ആര്‍ജ്ജവവും അറിവിന്റെ നിര്‍മാണവും നാടിന്റെ ഭാഷയിലേ നിറവേറ്റാന്‍ കഴിയൂ എന്നും ഫിസിക്‌സ് കെമിസ്ട്രി വിഷയങ്ങള്‍ മാതൃഭാഷയില്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശം നടപ്പിലായാല്‍ ഗ്ലോബല്‍ ഭാഷയായ ഇംഗ്ലീഷില്‍ പഠന സാധ്യതകള്‍ കുറഞ്ഞുപോകും. അതുവഴി ആഗോള വിദ്യാഭ്യാസരംഗത്ത് കേരളം നേടിയിട്ടുള്ള മുന്നേറ്റം ഇല്ലാതെയായി പോവുകയും ചെയ്യും .ഇംഗ്ലീഷ് മീഡിയം എന്ന കാഴ്ചപ്പാട് തന്നെ അസ്തമിക്കും.

കുട്ടികള്‍ക്ക് പ്രായത്തിനു അനുകൂലമായ വിദ്യാഭ്യാസ ലഭിക്കുന്നതോടൊപ്പം അവരുടെ കഴിവുകള്‍ക്ക് അനുഗുണമായ വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ നിലവിലുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാകും പേജ് (നമ്പര്‍ 21 ) സ്‌കൂള്‍ സമയം മാറ്റം അനിവാര്യമാണെന്ന് ഈ നിര്‍ദ്ദേശം ബോധിപ്പിക്കുന്നു. നിലവിലെ സമയക്രമം മാറ്റി രാവിലെ എട്ടുമണിക്ക് സ്‌കൂള്‍ പഠനം ആരംഭിക്കുന്നതലത്തിലേക്ക് പഠനാന്തരീക്ഷം മാറ്റിയാല്‍ കേരളത്തിലെ മത പാഠശാല കളുടെ ഭാവി എന്താകുമെന്ന് ആശങ്ക ചെറുതായി കാണാനാവില്ല. ഉച്ചയ്ക്ക് ശേഷം ഉള്ള സമയം കുട്ടികളുടെ കലാ കായിക പഠനങ്ങള്‍ക്കും വിനിയോഗിക്കണമെന്ന് കാദര്‍ കമ്മീഷന്‍ ശുപാര്‍ശയും ഇതിനോട് ചേര്‍ത്തു വായിക്കണം. വിദ്യാഭ്യാസത്തിന്റെ ദര്‍ശനമായി കരടില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഏറെ അപകടം തന്നെയാണ്. വിമര്‍ശനാത്മകമായി ചിന്തിക്കാനും സ്വന്തം നിലപാടുകള്‍ രൂപപ്പെടുത്തുന്നതുമാ വണം വിദ്യാഭ്യാസം എന്നതാണ് പേജ് നമ്പര്‍ 24 ല്‍ സൂചിപ്പിക്കുന്നത് 1997 കൊണ്ടുവന്ന വിദ്യാഭ്യാസ സമീപനത്തിന്റെ മറ്റൊരു രൂപമാണിതില്‍ ആവര്‍ത്തിക്കുന്നത്.ഓരോ കുട്ടിയും അറിവ് നിര്‍മ്മിക്കുകയാണെന ജ്ഞാനനിര്‍മ്മിതിവാദം പരാജയം ആണെന്ന് അന്നേ ബോധ്യപ്പെട്ടതാണ്. കുട്ടികള്‍ വിമര്‍ശനാത്മകമായി ചിന്തിക്കുകയും യുക്തിപൂര്‍വ്വം വിലയിരുത്തി സ്വയം നിഗമനത്തില്‍ എത്തുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകട സാഹചര്യങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി ഗുണകരമാവില്ല.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രീ െ്രെപമറി വിദ്യാലയങ്ങള്‍ ,ശൈശവകാല പഠനങ്ങള്‍ എന്നിവയില്‍ ഇംഗ്ലീഷ് മീഡിയം സംവിധാനങ്ങളെ പാടെ ഉപേക്ഷിക്കണം എന്നുള്ളതാണ് കരട് നിര്‍ദ്ദേശങ്ങളില്‍ മറ്റൊരു പ്രധാനമായ ഭാഗം . പേജ് : 29 ശൈശവകാല വിദ്യാഭ്യാസത്തെ സാര്‍വത്രികവും സൗജന്യവുമായ നിയമപരവും ആക്കണമെന്ന് നിര്‍ദ്ദേശം സ്വാഗതം ചെയ്യാവുന്നതാണ് .എന്നാല്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് മീഡിയം സംവിധാനങ്ങള്‍ പാടെ മാറ്റിനിര്‍ത്തി ഗണിതം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ശൈശവ കാല പഠനത്തില്‍ ഉള്‍ക്കൊള്ളിക്കാതിരുന്നാല്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല ശക്തിയാര്‍ജ്ജിക്കും. മുഴുവന്‍ വിഷയങ്ങളും മാതൃഭാഷയിലാക്കണമെന്നും വിഷയപരമായ വേര്‍തിരിവ് ഒഴിവാക്കണമെന്നും കരടില്‍ നിര്‍ദ്ദേശമുണ്ട്. കേരളത്തിലെ സാഹചര്യത്തില്‍ മാതൃഭാഷ ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകള്‍ അടങ്ങിയ ത്രിഭാഷാ പദ്ധതിയാണ് അനുയോജ്യം. ത്രിഭാഷാ പദ്ധതി എങ്ങനെ നടപ്പിലാക്കാം ? എപ്പോഴാണ് രണ്ടാം ഭാഷയും മൂന്നാം ഭാഷയും പരിചയപ്പെടുത്തേണ്ടത്?

അറബി ഉര്‍ദു സംസ്‌കൃതം ഉള്‍പ്പെടെയുള്ള ഭാഷകള്‍ ഒന്നാംഭാഷയായി കേരളത്തില്‍ പഠിപ്പിക്കുന്നു എന്ന് പരാമര്‍ശിക്കുന്ന അതോടൊപ്പം തന്നെ മാതൃഭാഷ ,ഇംഗ്ലീഷ് , ഹിന്ദി എന്നീ ത്രിഭാഷാ പദ്ധതി എങ്ങനെ കേരളത്തില്‍ നടപ്പിലാക്കാമെന്നാണ് നിര്‍ദ്ദേശത്തില്‍ ചര്‍ച്ചക്കായി നല്‍കുന്നത്. ഈ നിര്‍ദ്ദേശം കേരളത്തിലുള്ള നിലവിലുള്ള ഭാഷാപഠനത്തെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഉപഭോകൃത സംസ്ഥാനമായ കേരളത്തിന്റെ സമ്പദ്ഘടനയെ വലിയതോതില്‍ നിലനിര്‍ത്തുന്നത് വിദേശ നാണ്യങ്ങളാണ്. അതില്‍ വലിയ പങ്ക് നല്‍കുന്നത് അറേബ്യന്‍ രാജ്യങ്ങളുമാണ്. അറബി ഭാഷാ പഠനത്തെ നിയന്ത്രിക്കുക വഴി ഉണ്ടാകുന്ന നഷ്ടം കേരളത്തിലെ സമ്പത് ഘടനയെ നശിപ്പിക്കും എന്ന് മനസ്സിലാക്കാതെ പോകരുത്.പാരമ്പര്യ തൊഴിലുകളെ വളര്‍ത്തണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ ഉണ്ട്. (പേജ് 39 ) ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ചാണ് ഈ നിര്‍ദ്ദേശം വന്നിട്ടുള്ളത്. ജനവാസ യോഗ്യമായ കേരളീയ സാഹചര്യത്തില്‍ പരമ്പരാഗത തൊഴില്‍ മേഖലയിലേക്കുള്ള തിരിച്ച് പോക്ക് വിദ്യാഭ്യാസ രംഗത്തെ പിന്നോട്ട് വലിക്കുന്നതോടൊപ്പം ഗോത്ര വിഭാഗങ്ങളുള്‍പ്പെടെയുള്ളവരെ അവിടെ തന്നെ തളച്ചിടും എന്ന് കാര്യത്തില്‍ തര്‍ക്കമില്ല.

web desk 3: