X

‘തീരുമാനങ്ങള്‍ എല്ലാം ഒറ്റയ്ക്ക്’ ചലച്ചിത്ര അക്കാദമിയില്‍ ഭിന്നത; രഞ്ജിത്തിനെതിരെ സർക്കാരിന് പരാതി നൽകി അക്കാദമി അം​ഗങ്ങള്‍

ചലച്ചിത്ര അക്കാദമിയില്‍ ഭിന്നത. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കി. ഐ.എഫ്.എഫ്.കെ.യ്ക്കിടെ 9 അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നിരുന്നു.

രഞ്ജിത്തിനെതിരെ നടപടി എടുക്കണം എന്നാണ് ഇവരുടെ ആവശ്യം. രഞ്ജിത്തിന്റെ ഏകധിപത്യമാണ് നടക്കുന്നത്. അടിക്കടി ഉണ്ടാക്കുന്ന വിവാദ പരാമര്‍ശം ചലച്ചിത്ര അക്കാദമിക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നു.

ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരന്‍, പ്രകാശ് ശ്രീധര്‍, ഷൈബു മുണ്ടയ്ക്കല്‍ (വിസ്മയ), അഭിനേതാവ് ജോബി, സിബി, സന്തോഷ് എന്നിവരാണ് സമാന്തര യോഗം ചേര്‍ന്നത്. നടന്‍ ഭീമന്‍ രഘുവിനെതിരെയും സംവിധായകന്‍ ഡോ. ബിജുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരമാര്‍ശങ്ങള്‍ വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഡോ. ബിജുവിന് എതിരെ രഞ്ജിത്ത് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ‘അദൃശ്യജാലകങ്ങള്‍’ എന്ന സിനിമ തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണ് എന്ന് ആലോചിക്കേണ്ടതെന്നുമായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം.

പിന്നാലെ രഞ്ജിത്തിന് മറുപടിയുമായി ഡോ. ബിജുവും രംഗത്തെത്തി. ‘തിയേറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ ഞാന്‍ ആളല്ല. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് രാജ്യാന്തര ചലച്ചിത്ര മേളകളെപറ്റിയും തിയേറ്ററിലെ ആള്‍ക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യര്‍ഥമാണ്,’ എന്നായിരുന്നു ഡോ. ബിജുവിന്റെ പ്രതികരണം.

കേരള ചലച്ചിത്ര അക്കാദമി വികസന കോര്‍പ്പറേഷന്‍ മെമ്പര്‍ സ്ഥാനം ഡോ. ബിജു രാജിവെച്ചിരുന്നു. ജോലി കാരണം തിരക്കിലായതിനാലാണ് രാജിയെന്ന് ബിജുവിന്റെ പ്രതികരണം. രഞ്ജിത്തുമായി തര്‍ക്കം നിലനില്‍ക്കേയായിരുന്നു രാജി.

 

webdesk13: