ദുബായ്: ഐപിഎല്ലിലെ 49ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അര്‍ധസെഞ്ചുറി തികച്ച ഋതുരാജ് ഗെയ്ക്‌വാദ് (47 പന്തില്‍ 63), അംബാട്ടി റായ്ഡു (20 പന്തില്‍ 38), രവീന്ദ്ര ജഡേജ (10 പന്തില്‍ 25) എന്നിവരാണ് വിജയശില്‍പികള്‍. കൊല്‍ക്കത്തയുടെ 172 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ അവസാന പന്തിലാണ് വിജയിച്ചത്.

ഒന്നാം വിക്കറ്റില്‍ ഷെയ്ന്‍ വാട്‌നുമായി (19 പന്തില്‍ 14) ചേര്‍ന്ന് 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എട്ടാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയാണ് വാട്‌സനെ പുറത്താക്കിയത്. പിന്നീടെത്തിയ അംബാട്ടി റായിഡുവായി ചേര്‍ന്ന്, ഗെയ്ക്‌വാദ് അനായാസം ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും 13 ഓവറില്‍ പാറ്റ് കമ്മിന്‍സസ് അംബാട്ടി റായിഡുവിനെ നരെയ്‌ന്റെ കൈകളില്‍ എത്തിച്ചു. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും പാറ്റ കമ്മിന്‍സും രണ്ടു വിക്കറ്റ് വീഴ്ത്തി.

നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ എംഎസ്.ധോണിക്ക് ഇത്തവണയും തിളങ്ങാനായില്ല. നാല് പന്തില്‍ ഒരു റണ്‍സെടുത്ത ധോണിയെ 15ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കി. ഫെര്‍ഗൂസണ്‍ എറിഞ്ഞ 19ാം ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ രവീന്ദ്ര ജഡേജ 20 റണ്‍സ് അടിച്ചുകൂട്ടിയതോടെ ചെന്നൈയ്ക്ക് വീണ്ടും ജീവന്‍വച്ചു. അവസാന പന്തില്‍ 1 വേണ്ടിയിരുന്ന ചെന്നൈയെ സിക്‌സ് അടിച്ചാണ് ജഡേജ വിജയിപ്പിച്ചത്.