X

കാര്‍ രജിസ്‌ട്രേഷന്‍ വിവാദം; സുരേഷ് ഗോപിക്കെതിരെ കെ.സുരേന്ദ്രന്‍

കണ്ണൂര്‍: സുരേഷ് ഗോപി എം.പിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ബി.ജെ.പിസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സുരേഷ്‌ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പുതുച്ചേരിയില്‍ സുരേഷ്‌ഗോപി നികുതി വെട്ടിച്ച് കാര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു സുരേന്ദ്രന്‍.

സുരേഷ്‌ഗോപി കാര്‍ വാങ്ങിയിട്ട് കുറേ നാളായെന്നും അതില്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടത് സര്‍ക്കാരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ കള്ളക്കടത്തുകാരന്റെ കാര്‍ യാത്രാ വിവാദം മറച്ചുവെക്കാനാണ് സുരേഷ്‌ഗോപിയുടെ കാര്‍ വിവാദമാക്കുന്നതെന്നും സുരന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ സുരേഷ്‌ഗോപിക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാല്‍ രംഗത്തുവന്നിരുന്നു. ആരോപണത്തില്‍ നടപടിയെടുക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അനില്‍ കാന്തിന് നല്‍കിയ പരാതിയില്‍ ധനീഷ് ലാല്‍ ആവശ്യപ്പെട്ടു.

പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ താരങ്ങളുമുണ്ടെന്ന് ഒരു വാര്‍ത്താ ചാനലാണ് പുറത്തുകൊണ്ടുവന്നത്. നടി അമലപോളും ഫഹദ്ഫാസിലും ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് സുരേഷ്‌ഗോപിയുടെ നികുതി വെട്ടിപ്പും വെളിച്ചെത്തുവരുന്നത്. 75ലക്ഷത്തോളം വിലയുള്ള ആഢംബരകാറായ ഓഡി ക്യൂ 7ആണ് സുരേഷ്‌ഗോപിയുടേത്. ഇത് പുതുച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരത്തില്‍ ആരോപണമുര്‍ന്നപ്പോള്‍ തനിക്ക് പുതുച്ചേരിയില്‍ അഡ്രസ്സുണ്ടെന്ന് സുരേഷ്‌ഗോപി പ്രതികരിച്ചിരുന്നു.

chandrika: